10 July 2022

ഭദ്രനന്ദിനി - ആൽബം

 https://youtu.be/-I_AagVlwTQ

രചന - മനു മോഹനൻ 

സംഗീതം - ഉണ്ണികൃഷ്ണൻ 

ആലാപനം - അതുൽ


ഉള്ളുതുറനൊന്നുവിളിച്ചാൽ 

എന്റെ മുള്ളികുളങ്ങര അമ്മയെത്തും

ഉള്ളിലുള്ള നോവകറ്റും

പൂർണ്ണ ചന്ദ്രനിലാ കുളിർപകരും

കളഭചാർത്തണിയും നിൻ 

തിരുരൂപം കണ്ടുതൊഴാൻ 

ഉഷസ്ന്ധ്യകൾ കാത്തുനിൽക്കും. 


മകരത്തിൽ മഞ്ഞാട ചാർത്തുമാ പാടങ്ങൾ

അമ്മക്ക്‌ കതിരൊരുക്കും

പറപൊലിക്കും നാടിൻ അഴലൊഴിക്കും അമ്മ

തണ്ടിന്മേൽ ഓടിയെത്തും. 

ചെട്ടികുളങ്ങരവാഴും ഇഷ്ടസഹോദരിയൊപ്പം

അൻപൊലിയിൽ കൂടിതുള്ളും




ഋതം - അൽബം

 https://youtu.be/MCzAJERH7JI

രചന - മനു മോഹനൻ

ആലാപനം - രോഷ്ണി രജി

സംഗീതം - അതുൽ


പൂവുള്ള ശ്രീപുത്തൻ കാവിൽ കുടികൊള്ളും

ആനന്ദചിന്മയി നീയെ... 

പൂവുള്ള പൂക്കൈതക്കാവിൽ കുടികൊള്ളും

ആനന്ദ ഭൈരവി നീയെ.


പൂവായ്‌വിരിഞ്ഞതും നീയെ

പൂമണം നീയെ...

കാറ്റായ്‌ തൊടുന്നതും  നീയെ...


ജീവിതതണ്ടിൽ ഉലഞ്ഞാടിതുള്ളുന്ന 

ബ്രഹ്മാണ്ഡ നർത്തകി നീയെ..

കാലമായ്‌ കാവ്യമായ്‌ കാരുണ്യമായ്‌

ജീവതാളമായ്‌ തീർന്നതും നീയെ

ഞാൻപാടും പാട്ടായി നീയെ 

ഞാൻപാടും പാട്ടിലും നീയെ.. 


വിശ്വസൗന്ദര്യത്തിൻ ചിത്രംചമച്ചതിൽ

പച്ചമുഖമായി നീയെ....

ആറുകടന്നു വിടരുന്ന താമര പൂവി-

ന്നമൃതത്തേൻ നീയെ.  

ഞാനായിതീർന്നതും നീയെ

നീയായി തീർന്നതും ഞാനേ..

അയ്മനത്തപ്പൻ - ആൽബം

അയ്മനത്തപ്പൻ - അൽബം

https://youtu.be/DZGpL-B0zhw
സ്ംഗീതം ആലാപനം - ഗൗതം മഹേഷ്‌ 
രചന - മനു മോഹ്നൻ 

നാരദ വീണാതരംഗനാദം 
പാടുന്നു നാരായണം
അയ്മനം  ചൊല്ലും അനാദിമന്ത്രം
നരസിംഹദേവമന്ത്രം
വിൺനീല സാഗര തിരമന്ത്രമോതുന്നു 
പ്രണവമായ്‌ നാരായണം.  
കല്ലുമലിയുന്ന നാരായണം

അയ്മനം വാഴുന്ന ദേവാ 
ഭക്തമനസ്സീനു വരദായകാ
ദിവ്യ ചതുശ്ശതം നരശിരം നൈവേദ്യമൂട്ടുന്ന
ഭക്തന്നഭീഷ്ട്മേകും 
ഓണ  ദർശനം നൽകുമീശൻ 
ഓണ നാളിലാറാടിയെത്തും. 

ഉഗ്രവീരം മഹാ വിഷ്ണൊ
ഭക്ത പ്രഹ്ലാദ രക്ഷയേകും.
നാമ നാരായണാക്ഷരം ചൊല്ലുന്ന 
നാവിന്നു കാവലായ്‌ കൂടെയെത്തും
തൂണിനുള്ളിലും  ഉജ്വജ്വലിക്കും.
വിശ്വ സൃഷ്ടിസ്ഥിയിണക്കും


 


ഇന്ദ്രനീലം - ആൽബം

https://youtu.be/2y9aTu2uZF0

രചന & സംഗീതം - മനു മോഹനൻ

ആലാപനം - സന്തോഷ്‌ കൈലാസ്‌


നീല നീല കണ്ണനുണ്ണി നീലമയിൽ പീലിചൂടി

ചാരെവന്നൊരോടക്കുഴൽ പാട്ടുമൂളാമോ..?

പാട്ടുപാടാമോകണ്ണാ ; പൂവിറുക്കാമോ

പൂക്കടമ്പിൻ പൂകൊരുത്തൊരുമാലതരാം ഞാൻ


ഉണ്ണിയില്ലാതുള്ളുനീറുംഭക്തനാംകവിക്കുള്ളി-

ലുണ്ണിയായ്‌ കളിക്കുമുണ്ണിക്കണ്ണനല്ലെ നീ

ഒന്നു വന്നെൻ ഹൃത്തടത്തിൽ നൃത്തമാടുനീ, കണ്ണാ കൽമഷങ്ങൾ തീർന്നുജന്മകാളിന്ദിയൊഴുകാൻ


ചേലകട്ടാ പൂകടമ്പിൽ നീയൊളിച്ചാലും കണ്ണാ;കായാമ്പൂവിൽ നീലവർണ്ണമായലിഞ്ഞാലും,

എന്നിലുണ്ടു നീപകർന്നൊരിന്ദ്ര നീലിമകണ്ണാകണ്ണിലുള്ളിൽ പീലിക്കണ്ണായ്‌ നീയിരിക്കുന്നു.



കഞ്ജദലലോചനനേ കാർമ്മുകിൽ വർണ്ണാ നിന്റെ

കാലിണഞ്ഞാനിതാ നിത്യം കൈവണങ്ങുന്നെ

കാലികളെ മേയ്ച്ചവനെ ബാലഗോപാലാ നിന്റെ -

കാലിണഞ്ഞാനിതാനിത്യം കൈവണങ്ങുന്നെ.

25 April 2020

പൂച്ചേടെ "ഇങ്ങ്യാവൂ" ഒരു മരുന്നാണ്‌.

ഓലച്ചൂട്ടും പാഞ്ചിതൂപ്പും എരുമതോലും എരിഞ്ഞും കരിഞ്ഞും കടുത്തും പരക്കുന്ന രാവിന്റെ ഗന്ധം .....!
ഇരുളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇരുട്ടുകീറി അലറിവിളിച്ച്‌ ചാടിയുലഞ്ഞുറഞ്ഞ്‌ വെളിച്ചപ്പാട്‌..!
വലതു കയ്യിൽ "കാളാമുണ്ടം വാള്‌" ഇടതുകയ്യിൽ " തണുങ്ങു തിരിക" ചിലമ്പ്‌ ...!
പട്ട്‌ , തലേകെട്ട്‌ , ഭസ്മ തേപ്പ്‌ ;
ഉടലുവിറച്ച്‌ ഉറഞ്ഞ്‌ കുരലുപൊട്ടുമാറലറി.....
ഒരു വെളിച്ച " പാട്‌ "
ഈ......" പ്പെടുക്കും" എന്ന് വെളിച്ചപ്പാട്‌..!
പെടുക്കുമോ ..? എന്ന് കരക്കാര്‌
ഇപ്പമെടുക്കുമെന്ന് വെളിച്ചപ്പാട്‌..!
ആരാ"കുന്നാ" ..? യെന്നും എന്താ "കുന്നാ" ..? യെന്നും എവിടുന്നാ "കുന്നാ" ...? യെന്നും കരക്കാര്‌..!
ഞാൻ കുന്നനും മറ്റുമല്ലെന്ന് ; കുന്നങ്ങു വലിച്ചുകൂട്ടെന്ന് വെളിച്ചപ്പാട്‌.!
വല്യച്ചോ വല്യച്ചോന്നു കരക്കാര്‌....
"വലിച്ചോന്നും" ഞാനെന്റെ അമ്മേടാളാന്നും വെളിച്ചപ്പാട്‌‌.....!
അമ്മേടാള്‌ അച്ഛനല്ലേന്നു കരക്കാര്‌........?
അമ്മയുടെ പാദത്തിങ്കൽ പന്തീരാണ്ടുകൊല്ലം തപസ്സിരുന്നു "കാമ്പിയായി" അമ്മയുടെ മതുക്കുഴിയിൽ മുങ്ങി, പാറക്കടവിൽ
നേണപ്പോൾ ഒരു പട ചോറും പൂവും കിട്ടിയെന്നും എന്റെ വലത്തേകയ്യിലിരിക്കുന്നത്‌ അച്ഛൻ തന്ന വാളാന്നും ഇടത്തേക്കയ്യിലേ അമ്മതന്ന ചിലമ്പാന്നും വെളിച്ചപ്പാട്‌.!
അവിടുന്ന് "പടേണീ"
ന്നൊരു "ഏണി" ചാരി കൊടപ്പാറ
കേറി പുലിയെ വളർത്തുന്ന പുലിച്ചാണി യെ കണ്ടു..!
കൈയങ്ങോട്ടിട്ടു ...
പിടിച്ചിങ്ങോട്ടിറക്കി ..
അപ്പോൾ ചെറുപുലി ചാടി;
വീണ്ടും കയ്യങ്ങോട്ടിട്ടു.. പിടിച്ചിങ്ങോട്ടിറക്കി ..
ഒരു ഇടത്തരം പുലിചാടി...
വീണ്ടും കയ്യങ്ങോട്ടിട്ടു പിടിച്ചിങ്ങോട്ടിറക്കി...
ഒരു ചെറു പുലിചാടി...
അതിന്റെ പുറത്തുകയറി വന്ന ആളാണു വെളിച്ചപ്പാട്‌ വല്യച്ചൻ..!
ഉണ്ണികൾക്ക്‌ "ദൃഷ്ടാന്തം" കേക്കണോന്ന് വെളിച്ചപ്പാട്‌ ... ....!
കേക്കണമെന്ന്കരക്കാര്‌...!
കല്ലേൽ പെടുത്താൽ കാലേൽ തെറിക്കും...
കരിയിലേൽ പെടുത്താൽ കിറുകിറാ കേക്കും...
പോച്ചേ പെടുത്താൽ പതഞ്ഞുവരും...
മണലിൽ പെടുത്താൽ കുഴിഞ്ഞു വരുമെന്ന് ...വെളിച്ചപ്പാട്‌ വക "പെടുപ്പു" ദൃഷ്ടാന്തം.....!
ദൃഷ്‌ടാന്തങ്ങൾ വീണ്ടും വെളിച്ചപ്പെട്ടു..!
ഉണ്ണീടെ കന്നീലെമൂലക്കെ‌ കാവും പാലയും വെട്ടിതെളിച്ച്‌ നോക്കിയാൽ കാണുന്ന നാഗയക്ഷിയുടെ നാളക്കല്ലിൽ നാഗരാജാവിന്റെ പിഴുതുകിടക്കുന്ന ബിംബം നൂത്തുനിർത്തി നൂറ്റൊന്നുകരിക്കു വെട്ടി നൂറും പാലും കഴിച്ചാൽ സർവ്വദോഷവും മാറി സന്തതിനാശം വരുമെന്ന് വെളിച്ചപ്പാട്‌...!
പ്രേതബാധഒഴിക്കണമെന്ന് കരക്കാര്‌.... !
ബാധയൊഴിക്കാൻ ചില അങ്ങാടിമരുന്നു വേണമെന്ന് വെളിച്ചപ്പാട്‌...!
കതകിന്റെ കിറുകിറുപ്പ്‌.....
അരകല്ലിന്റെ വടക്കോട്ടുപോയ വേർ...
പൂച്ചേടെ ഇങ്ങ്യാവൂ,
നിലാവിന്റെ ഞെട്ട്‌... ഇത്രയുമുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന് വെളിച്ചപ്പാട്‌..!
പടയണിക്കളങ്ങളുടെ മിത്തിൽനിന്ന് സത്യത്തിലേക്കുള്ളവഴിയിൽ ഒരു "വെളിച്ചപ്പാട്‌" ദൂരത്തിൽ നിൽക്കുന്നു മിത്തും സത്യവും ഉറഞ്ഞുനിൽക്കുന്ന കാമ്പിത്താൻ..!

കുരമ്പാല പടയണി നാടകം- "കുഞ്ഞിരിക്കാ മഹർഷ

അഭിനയ പ്രതിഭയുളളവർ തന്മയത്വത്തോടെ കരക്കൂട്ടത്തിന്റെ പ്രോത്സാഹനത്തോടെ മാത്രം ചെയ്തു വിജയിപ്പിക്കാൻ കഴിയുന്ന കലയാണു ഹാസ്യ രസ പ്രധാനമായ പടയണിവിനോദ നാടകങ്ങൾ.

ഇന്ദ്രസദസ്സിൽ നിന്നും ഉർവശി രംഭ തിലോത്തമ മാരെ മെയ്‌വഴക്കത്തിനു ചവിട്ടി ത്തിരുമ്മവെ ചവിട്ടി തിരുമ്മാൻ കെട്ടിയ കയറുപൊട്ടി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെക്കു വീണ മഹാനായ " കുഞ്ഞിരിക്ക മഹർഷി" , ദേവാസുര യുദ്ധത്തിൽ തന്റെ പങ്കുകൊണ്ടുമാത്രം ദേവപക്ഷത്തിനു വിജയം നേടികൊടുത്തു. സംതൃപ്തനായ ഇന്ദ്രൻ " ആടുന്ന മൂക്കു " സമ്മാനം നൽകി. ഇദ്ദേഹത്തിന്റെ സഹോദരങളും മികച്ച യുദ്ധ വീരൻമാരായിരുന്നു. "കാറ്റത്തു പുളിയില വീണും, "കോഴി കുഞ്ഞുചികഞ്ഞ മണ്ണുവീണും " രണ്ടു യുദ്ധങ്ങളിലായി രണ്ടു സഹൊദരങ്ങളും കൊല്ലപ്പെട്ടു. Kiran Kurampala &Vinu Mohanan Kurampala കുഞ്ഞിരിക്കാ വേഷത്തിൽ

"അമ്മൂമ്മ" കുരമ്പാല പടയണി നാടകം


"നാരൻ കൈതയുടെ ഓല " വെള്ളത്തിലിട്ട്‌ അലിയിച്ചെടുക്കുന്ന നാരുകൊണ്ട്‌ ഉണ്ടാക്കിയ "നരച്ച മുടികെട്ട്‌". കെട്ടഴിഞ്ഞുപോയ "റൗക്കക്കിടയിലൂടെ തൂങ്ങിയാടുന്ന സഞ്ചിമുല". നെറ്റിയിലും കൈത്തണ്ടയിലും ഭസ്മ്ക്കുറി. വളഞ്ഞുകൂനിയ ഉടലുതാങാൻ കയ്യിൽ ഊന്നുവടി
"എന്റെ പൊന്നും കൊടത്തു മക്കളെ" എന്നു നീട്ടിവിളിച്ച്‌ കരക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കുശലവും കുറുമ്പും പറഞ്ഞു വീടുവിട്ടുപോയ സ്വന്തം "മൂപ്പീന്നിനെ " തിരക്കിയിറങ്ങിയ "അമ്മൂമ്മ " പടയണിനാടകത്തിലെ ഹാസ്യാത്മക പ്രണയനാടകമെന്നു പറയാം. ..!!
തിരുവാതിരയും "ദാസിയാട്ടവും "ഒക്കെ അറിയാവുന്ന അമ്മൂമ്മക്ക്‌ ഇപ്പോൾ പഴയപോലെ പാടാൻ വയ്യ. ഒരു തലക്കൂടെ പാടുമ്പോൾ "രണ്ടുതലക്കൂടെ ശ്വാസം പോകുന്നതിന്റെ " ബുദ്ധിമുട്ട്‌ ഉണ്ട്‌.
എങ്കിലും ഉള്ള ശ്വാസംകൊണ്ട്‌ " പങ്കജാക്ഷൻ കടൽ വർണ്ണൻ "പാടികളിക്കാനും പറ്റും.
ആദ്യത്തെവകയിൽ അമ്മൂമ്മയെ സംബന്ധം ചെയ്തത്‌ " അരിപ്പാട്ട്‌ നീലാണ്ടന" ( വിഖ്യാത ആന ഹരിപ്പാട്ട്‌ നീലകണ്ഠൻ) ആവകയിൽ മൂന്നാലു പിള്ളാരുണ്ട്‌: എല്ലാരും കോന്നി ആനക്കൂട്ടില.പിന്നെ കോന്നീക്കാരൻ മൂപ്പീന്നു വക സംബന്ധം , അതും പോരാഞ്ഞു മുളക്കഴക്കാരൻ മൂപ്പീന്നു. എവിടെയൊ ആനക്കു ഭ്രാന്തെടുത്തതിനു തോട്ടീംകൊണ്ടുപോയ ഭർത്താവിനെ കാണാഞ്ഞു തിരക്കിയിറങ്ങിയ അമ്മൂമ്മ.
ഇതിനിടയിൽ "അമ്മൂമ്മയുടെ പാടത്തിനു നടുക്കൂടുളള കൈത്തോട്ടിക്കൂടി വെളളം തിരിക്കാൻ വന്ന ചാക്കു മാപ്ലയുമായുളള കേസ്സ്‌ ...! എന്നു വേണ്ട കാണികൾക്കുളള മുഴുവൻ സംശയങൾക്കും ഉരുളക്കുപ്പെരിപോലെ മറുപടിയും ഉണ്ട്‌ അമ്മൂമ്മക്ക്‌. ഇതിനിടയിൽ കാണികളിൽ ചിലർക്ക്‌ തൂങ്ങിയാടുന്ന സഞ്ചിമുല കൊടുക്കാനും അമ്മൂമ്മക്കു മടിയില്ല. !!!!!
പന്തളം നാരായണ പിളള ആശാൻ ഉജ്വലമായി അവതരിപ്പിച്ചിരുന്ന അമ്മൂമ്മ നാടകം. ആശാന്റെ അവതരണരീതിയോടു കിടപിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പടയണി കലാകാരനാണ്‌ പ്രശസ്ത സമൂഹിക രാഷ്ട്രീയ പ്രവർത്തകനും പടയണികലാകാരനുമായ കിരൺ കുരമ്പാല. നാരായണ പിളള ആശാൻ അനുഗ്രഹിച്ചു നൽകിയ ആശാന്റെ സ്വന്തം "നാരൻ കൈത മുടിയുമായി "കേരളത്തിലുടനീളം വിവിധ പടയണി കളങ്ങളിൽ അദ്ദെഹത്തിന്റെ അമ്മൂമ്മ വേഷം കളമേറി.ഇന്ത്യക്കു പുറത്ത്‌ മലേഷ്യയിൽ പടയണി അവതരിപ്പിക്കാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പടയണികളങ്ങളിൽ നിന്നു കളങ്ങളിലേക്ക്‌ അദ്ദെഹത്തിന്റെ വേഷപകർച്ച ഊജ്വലമായി തുടരുന്നു. ©

ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌


ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌
ഇന്ദിശ പാടിവന്ന വന്ന.....മാരൻപാട്ട്‌ പ്രാകൃതമായൊരീണത്തിൽ പതിഞ്ഞ ശബ്ദത്തിൽ പാടിപകർന്നുതന്നൊരു പച്ചമനുഷ്യനുണ്ട് എന്റെ ഓർമ്മയിൽ...‌. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ. സദാനന്ദൻ ചേട്ടൻ; അദ്ദേഹത്തിന്റെ ശബ്ദത്തിലല്ലാതെ മാരൻപാട്ട്‌ ഓർക്കാനും എനിക്ക്‌ കഴിയില്ല. കുരമ്പാല പടയണിക്ക്‌ പുത്തൻ "മാറ്റും" ,പുത്തനറിവുകളും തന്ന് പുത്തങ്കാവിന്റെ അചാരാനുഷ്ഠാനങ്ങളിൽ കരവിരുതുകൊണ്ട്‌ കെട്ടുവിതാനമൊരുക്കിയ കലാകാരൻ. തേങ്ങാ വൃത്തത്തിൽപൂളികെട്ടി ആലിലയും മാവിലയും കുരുത്തോലയും കൊണ്ട്‌ ചമച്ച കുരുതിപന്തൽ, ഉത്സവത്തിനും,അൻപൊലിക്കും, അടവിക്കും മനോഹരമായ പന്തൽ കെട്ടുവിതാനവും തൂക്കും , "ചാക്കക്ക്"‌ വല്ലം കെട്ടിതന്നും, കുരുത്തോലകരവിരുതും, കുതിരക്കുംമാടനും മെടഞ്ഞും, പൂപ്പടയ്ക്ക്‌ പാടിയും,ഭൈരവിയുടെ ചിറമുടിയാത്രയും,പുറംകളബലിയും മണ്ണാന്റെമാന്ത്രികവിദ്യയും ‌തുടങ്ങി‌ പാട്ടറിവും ,നാട്ടറിവും,ജീവിതാനുഭവവും കൊണ്ട്‌ സമ്പന്നമായ നാട്ടുവിഞ്ജാനകോശമായിരുന്നു ശ്രീ.സദാനന്ദൻ എന്ന സാധാരണക്കാരൻ . കുരമ്പാല കാലയക്ഷികളമേറുന്നദിവസം അടവിപന്തൽ പൂർണ്ണമാകുന്നതിന്റെ കാരണം"അലങ്കരിച്ച പന്തൽതന്നിലേ ....ഇളകൊള്ളോ യക്ഷിമാരെല്ലാം" എന്ന സങ്കൽപ്പമാണെന്ന് പറഞ്ഞുതന്നത്‌ ഇന്നും ഓർക്കുന്നു.
സ്ഥലകാലപരിമിതികളില്ലാതെ ചോദിച്ചറിയാൻ ചെന്നപ്പോഴൊക്കെ ഒരു ബീഡിക്ക്‌ തീപിടിപ്പിച്ച്‌ ഉള്ളിലെ അറിവും ഓർമ്മയും‌ കഥകളും പകർന്നുനൽകുകയും, സ്വന്തം കുടുംബത്തിനൊപ്പം അതികഠിനമായി അദ്ധ്വാനിച്ചു ജീവിക്കുകയും ചെയ്ത ഒരു പഴയ മനുഷ്യൻ. പാരമ്പര്യ നാട്ടറിവുശേഖരം, പാട്ടുശേഖരം, വൈദ്യം, ഒറ്റമൂലികൾ, ചരിത്രം, അനുഷ്ഠാനം അങ്ങനെ കുറെ അറിവുകൾ മണ്മറന്നു പോയിട്ടുണ്ടാവാം..ആരെങ്കിലും ഏറ്റുവാങ്ങുകയോ, പിന്മുറക്കാർ ആരെങ്കിലും പകർത്തിയെടുക്കുകയോ, പകരുകയോ ചെയ്തോ എന്ന് അറിയില്ല. ജീവിത പരിമിതികളിൽ നിന്നുകൊണ്ട്‌ കുരമ്പാലപടയണിക്കുവേണ്ടി ചിലതൊക്കെ നഷ്ടപെട്ടുപോകാതെ സൂക്ഷിക്കാൻ വിഫലശ്രമം ഞാനും നടത്തിയിട്ടുണ്ട്‌. വരിനോ വരിനോ..., ഭൈരവി വന്തായെ... തുടങ്ങിയ പുറംകളപാട്ടുകൾ മങ്ങാതെമായാതെ ഇന്നും എന്റെ ഓർമ്മയിലുണ്ട്‌.
പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും ജീവിച്ച ശ്രീ സദാനന്ദൻ ചേട്ടന്റെ
ഓർമ്മകൾകുമുന്നിൽ എന്റെ പ്രണാമം. വിദൂരതയിൽ ഇരിക്കുമ്പോഴും കളങ്കമില്ലാത്ത ഇത്തരം മനുഷ്യരേൽപ്പിച്ചുപോയ ഓർമ്മകളും‌, അറിവുകളുമാണ്‌‌ ജീവിതത്തിന്റെ പച്ചപ്പ്‌.

19 July 2019

കുരമ്പാല അത്തമഹോത്സവ ഗാനം


പൂത്തുപുത്തൻ കാവ്
നിറമേകിവന്നു ചൈത്രം
തളിരോല തൊങ്ങലുകെട്ടിയ-
കാവംബരനീലക്കുട ചൂടി ..!

അൻപൊലി നിറപറ വർണ്ണക്കളമതു,
കണ്ടുതെളിഞ്ഞെന്നമ്മ,
പുത്തൻപുടവയുടുത്തു  കാവിനു-
ശ്രീബലിതൂകിയൊരുങ്ങി,
കുറുമ്പാലയമഴകിലൊരുങ്ങി ..!!!!

തേരുകൾ കാളകളന്നം  ഗണപതി
അർജ്ജുന ഭീമൻ ഹനുമാൻ ,
അത്തക്കാഴ്ചകൾ  നിറയുംമുറ്റം
കണ്ടെന്നമ്മ രസിക്കും പൊന്നിൻ-
ജീവിതയഴകിൽ തുള്ളും ..!!!

ഭദ്രാനന്ദിനി ദേവി മഹേശ്വരി
ഭദ്രകാളിനമോസ്തുതേ  എന്ന കുരമ്പാലയുടെ പാരമ്പര്യ പ്രാർത്ഥന ഈ പാട്ടിൽ കോറസ്സായി  ഉപയോഗിച്ചിട്ടുണ്ട് .

പാട്ടിന്റെ ലിങ്ക്    https://youtu.be/7wzAG9z0Iyk

15 February 2019

സനാതനം - RAGHAVEEYAM RAMAYANA SATHRAM TITLE SONG

സനാതനം(കവിത)
-------------------------------
വിശ്വസത്യസാരമേ
സനാതനപ്രബോധമായ്‌,
ഉണരുകെന്റെനാവിലൂട -
മര രാമമന്ത്രമായ്.
കൊടുക്കിലും കൊടുക്കിലും
വരണ്ടിടാത്ത സ്നേഹഗംഗ-
യായിനീ പരക്ക മണ്ണിൽ
വിശ്വശാന്തിയേകുവാൻ.


സഹസ്രകോടിസൂര്യശോഭ-
യോടഖണ്ഡഭാരത-
പ്രഭാവമിന്നു വിശ്വബോധ-
മാകവേ പരക്കുവാൻ,
കിരാതനിൽ കവിയുണർന്ന -
രാമമന്ത്ര സാരവും ഗ്രഹിക്ക;
ആത്മബോധമാർന്നു
വിശ്വശക്തരാകുവാൻ.


അനന്തജ്ഞാനസാഗരം
കടഞ്ഞൊരാമനീഷികൾ
പകർന്നൊരാർഷജ്ഞാന-
മഗ്നിസാരമായ്‌ ഗ്രഹിക്കണം.
പഠിക്കണം, പടർത്തണം
മനസ്സുകൾജ്വലിക്കണം
തമസ്സിൽനിന്നുഷസിലേ-
ക്കുണർന്നു നാം കുതിക്കുവാൻ.

യൂട്യൂബ് ലിങ്ക് - https://youtu.be/CUvCYhqeHwc

08 February 2016

"വല്യ മേളം"


കുരമ്പാല പടയണി - അടവി മഹോൽസവം2016-"വല്യ മേളം"

" തപ്പ്‌ " എന്ന വാദ്യമാണു പടയണിയിൽ ആദ്യന്തം പ്രയോഗത്തിൽ ഉള്ള വാദ്യം. അസുരവാദ്യം എന്ന ഗണത്തിലാണു "പടയണിയുടെ ദേവവാദ്യമായ" തപ്പിന്റെ സ്ഥാനം. നിരവധി നാട്ടുതാളങ്ങൾ ചേരുന്ന സങ്കീർണ്ണമായ "തപ്പുമേളം" പടയണിയുടെ മാത്രം സവിശേഷതയാണു.

പാണ്ടി പഞ്ചാരി പോലെയുളള കേരളീയ മേളം പോലെ തന്നെ മധ്യതിരുവിതാം കൂറിന്റെ വളരെ ചെറിയ ഒരു പ്രദേശത്തു നിലനിൽക്കുന്ന അനുഷ്ഠാന മേള സമ്പ്രദായമാണു വല്യമേളം. തപ്പ്‌ , തമിൽ , ചെണ്ട, വീരമദ്ദളം, കുഴൽ, കൊമ്പ്‌ ,ഇലത്താളം എന്നീ വാദ്യങൾ ചേർന്നു പ്രയോഗിക്കുന്ന വല്യ മേളത്തെ "അസുര മേളം" എന്നാണു പറയുന്നത്‌.അസുര വാദ്യങ്ങളുടെ പ്രയോഗം കൊണ്ടാവാം ഈ പേരു സിദ്ധമായത്‌. കൊമ്പും കുഴലും ഇപ്പൊൾ പ്രയോഗത്തിൽ ഇല്ല. അടവി മഹോത്സവത്തിനു പ്രയോഗിക്കുന്ന കുരമ്പാലയുടെ തനതു മേളമാണു വല്യ മേളം.

(late)നൂറനാടു രാഘവപ്പണിക്കർ, (late)അറുകാലിക്കൽ രാഘവപ്പണിക്കർ, കടമ്മനിട്ട വാസു ദേവൻ പിളള, (late)പന്തളം നാരായണപിളള , (late)കുരമ്പാല ഭാസ്കരപ്പണിക്കർ, (late)കടമ്മനിട്ട ഗോപിനാഥക്കുറുപ്പ്‌, കടമ്മനിട്ട രഘുകുമാർ, എന്നീ ആരാധ്യരായ ആശാൻ മാരുടെ ശിക്ഷണത്തിലും ഉപദേശത്തിലും പ്രോത്സാഹനവും കൊണ്ടാണു വല്യ മേളത്തെ അന്യം നിന്നുപോകാതെ ഇന്നു കാണുന്ന രീതിയിൽ നിലനിർത്താനായത്‌.

8 അക്ഷരകാല താളക്രിയയിൽ ചെമ്പട സ്വഭാവത്ത്തിൽ തുടങ്ങി വിവിധ അക്ഷരകാലങ്ങളിലായി വിവിധ നിലകൾ കൊട്ടി ഇടക്കലാശങ്ങളോടെ തൂപ്പു കാപ്പൊലിയോടെ തീരുകലാശം കൊട്ടി അവസാനിക്കുന്നതാണു വല്യമേളഘടന. വീരമദ്ദളം,തമിൽ എന്നിവ അപൂർവ്വ വാദ്യങ്ങളാൺ.
തൂക്കം,വേലകളി,താവടി , തപ്പുമേളത്തിലെ വട്ടവണക്കു എന്നിവയുടെ താളപ്രയോഗവുമായി വല്യമേള പ്രയോഗത്തിനു ചില സമാനതകൾ ഉളളതായി കാണാം. ©



"അടവി"


കുരമ്പാല പുത്തൻ കാവിൽ ഭഗവതിക്ഷേത്രത്തിലെ ( http://puthenkavil.com) 5 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന "അടവി" മഹോത്സവത്തിനു ഇന്നു ചൂട്ടു വെച്ചു.! (http://youtu.be/70YAU7ljlQI )ഇനി ഫെബ്രുവരി 17 വരെ എഴര നാഴിക ഇരുട്ടിൽ വീക്കൻ ചെണ്ടകൊട്ടി ചൂട്ടുകത്തിച്ചു കാവിനു ചുറ്റും കൂക്കി വിളിച്ചു "പിശാചിനെ ഉണർത്തും. "കാവുണർത്ത്‌ "എന്നാണു ഈ ചടങ്ങിന്റെ പേരു. കുറഞ്ഞതു പത്തുദിവസം കാവുണർത്തണം.
(http://padayani.com)

ഫെബ്രുവരി 18 തപ്പു കാച്ചികൊട്ടി (http://youtu.be/yUm1GgF3-do)വല്യമേളം കലാശിച്ചു "തൂപ്പുകാപ്പൊലി " തുള്ളി " നേർതാവടിയും" പന്നത്താവടിയും". തുടർന്നു വിനൊദ രൂപമായ " വെളള പരദേശിയും കുരമ്പാലയുടെ മാത്രം കോലമായ " വെളളയും കരിയും കോലവും ഒന്നാം ദിവസം കളമേറും.

തുടർന്ന് തുടർ ദിവസങളിൽ ഗണപതി , ഗണപതി പിശാച്‌, മറുത, വടിമാടൻ, പുള്ളി മാടൻ , തൊപ്പി മാടൻ, ചെറ്റമാടൻ 51 പാളയിൽ തീർത്ത കാലയക്ഷി എന്നി കോലങ്ങൾ ,28 ഇൽ പ്പരം പരമ്പരാഗത പടയണി നാടകങ്ങൾ എന്നിവ കളത്തിലെത്തും.

9ആം ദിവസം ( ഫെബ്രുവരി 26) നരബലി സമാനമായ ചൂരൽ ഉരുളിച്ച. 2500 റിൽ പരം ആളുകൾ ചൂരലിൽ ഉരൂണ്ട്‌ ജീവ രക്തം കാളിക്കു ബലി നൽകി നരബലി അനുഷ്ഠിക്കും. (http://youtu.be/lys8uHef49Y)

തുടർ ദിവസങളിൽ , കുതിര കോലം, കാലൻ കോലം, അമ്പലവും വിളക്കും, 101 പാളയിൽ തീർത്ത ഭൈരവി കോലം എന്നിവ കളമേറും. മാർച്ച്‌ 1 നു ചിറമുടിയിലെക്കു തുള്ളി ഒഴിക്കൽ.!!! (http://youtu.be/WFKYyYeRWzc)

ശർക്കരക്കുടം - പടയണി നാടകം.(പടയണി വിനോദം)

ശർക്കരക്കുടം - പടയണി  നാടകം.(പടയണി വിനോദം)
-------------------------------------------------------------------------


      പടയണി  അടിമുടി നാടകമാണ്. ഒരു ഗ്രാമം മുഴുവൻ  നാടകവേദി  ജനങ്ങൾ  മുഴുവൻ  നടീനടൻമാർ . കാണാൻ ഒരേയൊരു  ആൾ  മാത്രം "കാവിലമ്മ". പടയണിയുടെ  സങ്കല്പം അങ്ങനെയാണ്. 64 ജാതികളെയും  പടയണി നാടകത്തിൽ  വിമർശിച്ചിരുന്നു  എന്ന്  പഴയതലമുറ. എങ്കിലും  കാലത്തിന്റെ  പടയോട്ടത്തിൽ  തകർച്ചയില്ലാതെ  കിട്ടിയവയിൽ  64ലിന്റെ  കണക്കു  കണ്ടെത്തുക  എളുപ്പമല്ല. 28 ഓളം  പടയണിനാടകങ്ങൾ (പടയണി വിനോദം)  ഇന്നും  കുരമ്പാലയിൽ  നിലവിൽ ഉണ്ട്.  സാമൂഹിക  വിമർശനമാണ്  പടയണി  നാടകത്തിന്റെ  ഉൾകരുത്ത് . അജ്ഞാതരായ  ആരൊക്കെയോ  ഉണ്ടാക്കി  തലമുറകളിലൂടെ  സഞ്ചരിച്ചു ഇന്ന് കാണുന്ന രൂപത്തിൽ  പടയണി  വിനോദ നാടകങ്ങൾ  കുരമ്പാലയിൽ നിലനിൽക്കുന്നതിൽ  യശ്ശശരീരനായ പന്തളം നാരായണ  പിള്ള  ആശാന്റെ  അറിവും  മനസ്സും  അദ്ധ്വാനവും, മുൻതലമുറനല്കിയ  പിന്തുണയുമാണ്  കാരണമായി  തീർന്നത്.

"ശർക്കരക്കുടം"  നാടകം  മുതലാളി  തൊഴിലാളി  ബന്ധത്തിന്റെ സാമാന്യ  സ്വഭാവത്തെ  ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിനോപ്പം സാമൂഹികവും  മാനസികവുമായ തലങ്ങളെ   നിരീക്ഷിക്കുയും  ചെയ്യുന്നു. ഭാഷാ  പ്രയോഗത്തിന്റെ  സാധ്യതകളെ  കാണികളുടെ ആസ്വാദന  നിലവാരത്തിനനുസരിച്ചു  ഉപയോഗപ്പെടുത്തുകയും  ചെയ്യുന്നു.

ശർക്കര  വ്യാപാരിയും  അയാളുടെ  ചുമട്ടുകാരനുമാണ്  കഥാപാത്രങ്ങൾ. കഥയുടെ  പുരോഗതിയിൽ  കാഴ്ചക്കാരിൽചിലരും നടൻമാരും  ചോദ്യകർത്താക്കളുമാകുന്നു. ശർക്കര വ്യാപാരി  അമ്പലത്തിലെ  ഉത്സവത്തിനു  കൊടുക്കാം എന്ന് ഏറ്റ  ശർക്കര  ഒൻപതാംഉത്സവംആയിട്ടും  കിട്ടാഞ്ഞതിനാൽ  വ്യാപാരിയെ  അധികാരികൾ  ചോദ്യംചെയ്യുന്നു. വ്യാപാരി  ചുമട്ടുകാരനെ  വിളിക്കുന്നു. ചുമട്ടുകാരൻ  ഹാസ്യാത്മകമായി  ജനകൂട്ടത്തിനിടയിൽ  നിന്നും  കളത്തിലെത്തുന്നു. വരവുതാമസിക്കാൻ  ഉണ്ടായകാരണം  ചുമടുമായിവന്നവഴിയിൽ  കണ്ടരാജ്യം  " മനോരാജ്യം " ആണെന്നും , കണ്ട ദേശം "ഉദ്ദേശം" ആണെന്നും , കണ്ട കര  "മാവേലിക്കര" എന്നും  തുടങ്ങി  "ചീവിടെ"ന്ന  വീട്ടിൽപോയെന്നും  അച്ചിയെ  കണ്ടെന്നും മകൾക്ക്  താലി  വേണമെന്നുപറഞ്ഞപ്പോൾ  ഒരു  "കൂന്താലി" തീർത്തു  കൊടുത്തെന്നും  അതിനാൽ  താമസിച്ചെന്നും മുതലാളിയെ  ധരിപ്പിക്കുന്നു. പിന്നെ  മറ്റു  വിശേശങ്ങളും. ഒടുവിൽ  യാത്ര തുടങ്ങാൻ  തയ്യാറകവേ " തൂറാൻ മുട്ടുന്ന" ചുമട്ടു കാരനെ  സഹായിക്കാൻ  മുതലാളി  ചുമടുഏറ്റുവാങ്ങുന്നതോടെ  നാടകവും അതിന്റെ  ഹാസ്യവും പാരമ്യതയിൽ എത്തുകയും മുതലാളിയുടെ  മേൽമുണ്ടു  പിടിച്ചുവാങ്ങി  അന്തരീക്ഷത്തിൽ  അടിച്ചുകുടഞ്ഞു  "ശണ്ടി പോളിയെടെ  മോനെ" എന്നവിളിയോടെ  തൊഴിലാളി  മുതലാളി ആകുന്നു. തൊഴിലാളി  മുതലാളി  ആകുന്ന  അല്ലെങ്കിൽ  തൊഴിലാളിക്ക്  മുതലാളിആകാനുള്ള  ത്വരയാണ്  " ശർക്കരക്കുടം" പടയണിനാടകത്തിന്റെ  കാതൽ . ©



"നമ്പൂതിരിയും വാല്യക്കാരനും" - പടയണി നാടകം.

"നമ്പൂതിരിയും വാല്യക്കാരനും"  - പടയണി നാടകം.
-----------------------------------------------------------------------

     അനുഷ്ഠാനവും , പാരമ്പര്യവും ,  ചരിത്രവും  കെട്ടുപിണഞ്ഞുകിടക്കുന്ന  ചരിത്രത്തിന്റെ  അറ്റുപോകാത്ത  നാവാണ്  പടയണിപോലുള്ള  അനുഷ്ഠാന  കലകൾ. കാലഘട്ടാനുസൃതമായി  സാമൂഹിക  വ്യവസ്ഥിതിയെ  അനാവരണം ചെയ്യുന്ന , ചോദ്യം ചെയ്യുന്ന , പരിഹസിക്കുന്ന   പടയണി  നാടകങ്ങൾ ( പടയണി  വിനോദം )   ഇന്നും  കുരമ്പാലയിൽ  ഉണ്ട്. 64  ജാതീയ വേഷങ്ങളും  പരിഹാസ രൂപേണ  അരങ്ങുവാണിരുന്ന  കാലം  കഴിഞ്ഞു പോയെങ്കിലും, അവയിൽ  ഏറെക്കുറെ  നാടകങ്ങളും  ഇന്നും  കുരമ്പാല  ഗ്രാമത്തിന്റെ അഞ്ചുവർഷത്തിൽ  ഒരിക്കൽ  മാത്രം അരങ്ങേറുന്ന  അടവിമഹോത്സവ  പടയണിക്കളത്തിൽ  ഉണ്ട്.ജാതീയമല്ലാത്ത  സമൂഹത്തിലേക്ക്  പരദേശികളുടെ  വരവ്, ബ്രാഹ്മണആധിപത്യം  ഇവയെസംബന്ധിക്കുന്ന  സൂചനകൾ  പടയണി  നാടകങ്ങളിൽ  കാണാം. ആചാരപരമായി  ബ്രാഹ്മണൻ  പടയണിയുടെ  ഘടനക്കുപുറത്താണ് . പക്ഷെ  ഏറ്റവും  കൂടുതൽ  വിമർശന  വിധേയമാകുന്നത്  ബ്രാഹ്മണ  വേഷവും. നമ്പൂതിരിയും  വാല്യക്കാരനും, ഊട്ടുപട്ടർ, ബലിപ്പട്ടർ  എന്നീ  നാടകങ്ങൾ ബ്രാഹ്മണ  പൌരോഹിത്യത്തെ  പരിഹസിക്കുന്നു. 

നമ്പൂതിരിയും  വാല്യക്കാരനും  എന്ന  നാടകം വടക്കുനിന്നുംവന്ന  ആഢ്യനായ  നമ്പൂതിരിയും  അദ്ദേഹത്തിന്റെ  വാല്യക്കാരനായ " ഉണിക്കൊമരന്റെയും " സംഭാഷണത്തിലൂടെ  കരക്കൂട്ടത്തിന്റെ  ഇടപെടലോടെ  പുരോഗമിക്കുന്ന  പടയണി നാടകമാണ്.  വടക്കുനിന്നും " എഴിതള്ളി" (ഏഴുന്നള്ളി) വന്ന പണ്ഡിതനായ നമ്പൂതിരിയും  അദ്ദേഹത്തിന്റെ നമ്പൂതിരി  ഭാഷയെ  സാധാരണക്കാർക്ക്  മനസിലാകുന്ന  രീതിയിൽ  തന്റേതായ  ശൈലിയിൽ  "പൊരുളുതിരിക്കുന്ന" വാല്യകാരനുമാണ്  കഥാപാത്രങ്ങൾ.

ഉണ്ണിക്കുടവയറും , മുഞ്ഞിക്കെ പൊരുകണ്ണിയും(മുഖത്തെ ചുണങ്ങ്), ചന്തിക്കെ കൃതാവും ഉളള  മഹത് വ്യക്തിത്വമാണ്  താനെന്നു; ചകിരി മീശയും തലേക്കെട്ടും , കയ്യിൽ ഓലക്കെട്ടുമായി വരുന്ന വാല്യക്കാരൻ  സമർത്ഥിക്കുന്നു. നമ്പൂതിരിയെ  കണക്കറ്റു പരിഹസിക്കുന്നും  ഉണ്ട്.കുഞ്ചൻനമ്പ്യാർക്ക്  പടയണി  പ്രചോദനമായതിന്റെ  രഹസ്യം പടയണി നാടകങ്ങളുടെ  സാമൂഹികവിമർശനാത്മകമായ  ഹാസ്യം കൊണ്ടാകാം. വാല്യക്കാരന്റെ  ഹാസ്യാത്മകമായ  അവതരണം  കാണികളെ  അവരുടെ  പങ്കാളിത്തത്തോടെ ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും  ചെയ്യുന്നു.വടക്കനായ  നമ്പൂതിരി അദ്ദേഹത്തിന്റെ  സ്വതസിദ്ധമായ  ഭാഷയിൽ താൻ വന്ന  വഴിയിലെ  കാഴ്ച്ചകളെ  അനുഭവങ്ങളെ വാല്യക്കാരനുമായി  പങ്കുവെയ്ക്കുന്നു , കഥാന്ത്യം  നമ്പൂതിരിക്ക്  ഉണ്ടായ കുട്ടികൾക്ക്  വേണ്ടി  വെടിക്കെട്ട്  നടത്തി അവസാനിക്കുന്നു. ചില  നമ്പൂതിരി  ഭാഷയും  വാല്യക്കാരന്റെ  പൊരുളു  തിരിക്കലും  ഇങ്ങനെയാണ് ...

ഈർക്കിൽ  ഉപ്പേരിയായി  - ഈ  ദിക്കിലേക്ക്  വരികയുണ്ടായി.
തിരുള  - തിരുവല്ല ( തിരുവില്ലാത്ത  ദേശം)
രണ്ടുംകൂടിയിടം  - അഴിമുഖം
കൊല്ലന്റെകയ്യിലെ  വളഞ്ഞ  യന്ത്രം - ചൂണ്ടകൊളുത്ത്.
സംബന്ധം - കെട്ട് .
ഇടക്കിട്ടുശടച്ചിട്ടുകുറുമുണ്ടൻ  - ചൂണ്ടപൊങ്ങ്.
പകലുണങ്ങി - പരമ്പ് ( പനമ്പ് )

തുടങ്ങി  രസകരമായ ഭാഷാപ്രയോഗങ്ങൾ   നാടക സംഭാഷണത്തിന്റെ  ആദ്യന്തം  കാണികളെ  രസിപ്പിക്കുന്നു. അത്യന്തം ശ്രമകരമാണ്  അഭിനയം.  ഹാസ്യവും  ചടുലതയും  കാണികളുടെ  ചോദ്യങ്ങൾക്ക്  ഉരുളക്കുപ്പേരി പോലുളള ഹാസ്യാത്മക  മറുപടികളും  നാടകത്തിനു  അത്യന്താപേക്ഷിതമാണ്. തികഞ്ഞ  നടന്  മാത്രമേ  അഭിനയിപ്പിച്ചു  ഫലിപ്പിക്കാനും  സാധിക്കു." പരശുരാമ  പണം  കെട്ടിനകത്തൂടെ  വടക്കോട്ടൊഴുകുന്നു" എന്ന  സംഭാഷണം  പരിഹാസത്തിന്റെ  പരകോടിയാണ്. ©



22 June 2013

" മരുഭ്രാന്തന്‍ " (കവിത)

കനല്‍കാറ്റില്‍  ഉഷ്ണം തിരവരക്കുന്ന,
മരുപ്പരപ്പിലായ്  നിധിതേടും  ഭ്രാന്തന്‍. 
കുടിനീരില്ല വിയര്‍പ്പുപ്പുവീണൊട്ടുന്നൊരാ- 
കുരലില്‍ കാരുണ്യത്തിന്‍  തെളിനീര്‍ തേടുന്നവന്‍.
ഇഴഞ്ഞും  വലിഞ്ഞേറെനടന്നും  കനംതൂങ്ങു-
മിരുമ്പിന്‍ബാദ്ധ്യതാ വിലങ്ങാല്‍ പൂട്ടപെട്ടോന്‍ .
ഇവിടം സ്വര്‍ഗ്ഗസുഖം കിനാവില്‍ കണ്ടോര്‍ 
വീണനരകം;ഉത്തരാധുനികമാം അടിമത്തം.
പണമാണെങ്ങും വിധി പറയും ന്യായാധിപന്‍ !
മരണം പോലും പണംപിടുങ്ങും ആഘോഷങ്ങള്‍.
വിനീത വിധേയത്വം  നട്ടെല്ലിന്‍ വളവേറ്റി,
കുനിഞ്ഞേ നടക്കാവൂ , കുറയാ പൊങ്ങച്ചവും.
കൊടുത്താല്‍ ഒടുങ്ങാത്തകടത്തില്‍ ഉടല്‍തൂക്കി- 
ഉയിര്‍പോയോര്‍  ഗതിയില്ലാ ശപ്താത്മാക്കള്‍. 
രുചികള്‍ നാവില്‍ നിന്നും അന്യമായ് തീര്‍ന്നോന്‍; കൊടും-
വിശപ്പില്‍ പോലും കള്ളം രുചിയായ് നുണയുന്നോന്‍.
ചില്ലുമേടതന്‍ സുഖസ്വശ്ചത കിനാകണ്ടു- 
മുള്‍വഴി താണ്ടി അറ്റം കാണാതെ ഉഴറുന്നു 
യൗവനം  പണംവാര്‍ന്നു മരുഭൂമിയായ്  തീരും,
അന്യമായ്തീരാം  സ്വന്തമെന്നൊരഹങ്കാരവും. 
പിന്നെയാ വിസയില്ലാ യാത്രക്കുകാക്കുംനേരം 
മോഹമാം മരുപച്ച പിന്നെയുംബാക്കിയാകും....!!! 

(Published on 4pm Ezhuthupura)