31 May 2013

മധുരം മലയാളം ( kavitha)



സ്വരതാളമിടക്ക  തുടിച്ചു ,
നിറമാലകള്‍  ചാര്‍ത്തിയൊരുങ്ങി ,
മണിശംഖില്‍  പ്രണവമുണര്‍ന്ന-
പ്രഭാതം മലയാളം. 

തപ്പും  തുടി  താളം  കൊട്ടി,
പറ മദ്ദള  ചേങ്ങില കൊട്ടി, 
ഘനതാള  പെരുമഴപെയ്യും- 
മേളം മലയാളം.

അഴകാനചന്തമിണങ്ങി, 
നിറമേഴും പൂങ്കുടയാക്കി,  
പെരുമേള  പൂരചാര്‍ത്തിന്‍- 
ചമയം മലയാളം.

തോറ്റംപാട്ടൊഴുകും  രാവില്‍,
വെള്ളോട്ടു  ചിലമ്പുകലമ്പി,
തിരുതാള  ചുവടിലുറഞ്ഞു-
പൊലിക്കും  മലയാളം.   

ചിങ്ങപ്പൊന്‍  തുമ്പികള്‍പാറും ,
പൊന്‍വെയിലില്‍  പൂക്കളമിട്ട് ,
തിരുവാതിരയഴകുഞൊറിഞ്ഞൊരു-
നടനം മലയാളം.

കരിവാവിന്‍  കര്‍ക്കിടകത്തില്‍, 
ഇരുളാറ്റും  നെയ്ത്തിരിപോലെ, 
തുഞ്ചത്തെ കിളിമകള്‍ പാടിയ-
മധുരം  മലയാളം 

അലസം ഒരു കൂത്തിന്നിടയില്‍, 
പരിഹാസം  നിദ്രയുണര്‍ത്തി,
കുഞ്ചന്‍റെ  മിഴാവുതാള- 
ഫലിതം  മലയാളം 

തിരിതെളിയും ആട്ടവിളക്കിന്‍, 
പ്രഭയില്‍ കളി മുദ്രകള്‍ ചാര്‍ത്തി,  
കളിയച്ഛന്‍  പോറ്റുംകലയുടെ- 
ഭാവം  മലയാളം.

കനക ചിലങ്കകള്‍  കെട്ടി, 
ശൃംഗാര പദമാടുന്ന,
പ്രണയ കുളിരോഴുകും- 
ചങ്ങമ്പുഴയുടെ  മലയാളം. 

നെഞ്ചത്തൊരു  പന്തംകുത്തി, 
മലയുണരും താളംകൊട്ടി, 
കരിംതകരകടഞ്ഞകരുത്തില്‍ -
ഉറയും  മലയാളം

അംബരനീലക്കുട ചൂടി,
ഋതുവാറിന്‍ചമയ മണിഞ്ഞു, 
കടലേഴും താണ്ടിയ പെരുമ -
പേരായ്  മലയാളം 
(Published on 4pm News from Bahrain)