26 December 2009

"കാത്തിരിപ്പ്"









കാല്‍വരികുന്നിലെ മണ്ണില്‍ ,ദേവന്‍-
ത്യാഗം വരിച്ചൊരി മണ്ണില്‍
ഞാനും വരുന്നുമനംകൊണ്ടിന്നേകനായ്
നിന്‍ ത്യാഗരൂപം വണങ്ങാന്‍.

കണ്ണുകളീറനണിഞ്ഞു; നിന്‍ കണ്ണിന്‍-
ദൈന്യത എന്നില്‍ നിറഞ്ഞു,
അമ്മതന്‍ കണ്ണൂനീര്‍ ധാരയില്‍
കാരിരുമ്പാണിതന്‍ വേദന മാഞ്ഞോ?

പിതാവിന്റെ ആജ്ഞവഹിച്ചു
മര്‍ത്യ മോചന സത്യം പകര്‍ന്നു,
ഭാരം ചുമന്നു തളര്‍ന്നു നീ രക്തത്താല്‍
ഈ ലോക പാപം കഴുകി.

പാവനരൂപം ചമഞ്ഞ്,ചില
പാതകന്‍ "മാര്‍ "‍ വിലസുന്നു
സ്വാര്‍തഥത വാഴുന്നൊരമണ്ണിലേക്കുനീ
ശാന്തി പരത്താന്‍ വരില്ലെ?

നിന്‍ വരവും കാത്തിരിപ്പു,
കിഴക്കിന്റെ വാതിലും നോക്കി
അന്ത്യ വിധിനാളില്‍ നിന്‍പക്ഷം-
ചേര്‍ക്കുവാന്‍എത്രപേരുണ്ടായിരിക്കും ?
***********************************************

15 December 2009

സൗപര്‍ണ്ണീക

കനല്‍കാറ്റില്‍  ഉഷ്ണം തിരവരക്കുന്ന,
മരുപ്പരപ്പിലായ്  നിധിതേടും  ഭ്രാന്തന്‍. 
കുടിനീരില്ല വിയര്‍പ്പുപ്പുവീണൊട്ടുന്നൊരാ- 
കുരലില്‍ കാരുണ്യത്തിന്‍  തെളിനീര്‍ തേടുന്നവന്‍.
ഇഴഞ്ഞും  വലിഞ്ഞേറെനടന്നും  കനംതൂങ്ങു-
മിരുമ്പിന്‍ബാദ്ധ്യതാ വിലങ്ങാല്‍ പൂട്ടപെട്ടോന്‍ .
ഇവിടം സ്വര്‍ഗ്ഗസുഖം കിനാവില്‍ കണ്ടോര്‍ 
വീണനരകം;ഉത്തരാധുനികമാം അടിമത്തം.
പണമാണെങ്ങും വിധി പറയും ന്യായാധിപന്‍ !
മരണം പോലും പണംപിടുങ്ങും ആഘോഷങ്ങള്‍.
വിനീത വിധേയത്വം  നട്ടെല്ലിന്‍ വളവേറ്റി,
കുനിഞ്ഞേ നടക്കാവൂ , കുറയാ പൊങ്ങച്ചവും.
അഴുക്കു ചാലില്‍ ബീജവിലാപം മുഴങ്ങുന്നു 
നിണംവാര്‍ന്നെങ്ങോ തപ്തഗര്‍ഭാശയങ്ങള്‍ തേങ്ങി.
കൊടുത്താല്‍ ഒടുങ്ങാത്തകടത്തില്‍ ഉടല്‍തൂക്കി- 
ഉയിര്‍പോയോര്‍  ഗതിയില്ലാ ശപ്താത്മാക്കള്‍. 
രുചികള്‍ നാവില്‍ നിന്നും അന്യമായ് തീര്‍ന്നോന്‍; കൊടും-
വിശപ്പില്‍ പോലും കള്ളം രുചിയായ് നുണയുന്നോന്‍.
ചില്ലുമേടതന്‍ സുഖസ്വശ്ചത കിനാകണ്ടു- 
മുള്‍വഴി താണ്ടി അറ്റം കാണാതെ ഉഴറുന്നു 
യൗവനം  പണംവാര്‍ന്നു മരുഭൂമിയായ്  തീരും,
അന്യമായ്തീരാം  സ്വന്തമെന്നൊരഹങ്കാരവും. 
പിന്നെയാ വിസയില്ലാ യാത്രക്കുകാക്കുംനേരം 
മോഹമാം മരുപച്ച പിന്നെയുംബാക്കിയാകും....!!! 

(Published on 4pm Ezhuthupura)

09 December 2009

"കാവുണര്‍ത്ത്"

"കാവുണര്‍ത്ത്" ഓഢിയൊ ആല്‍ബത്തിനു വേണ്ടി എഴുതിയ ഗാനം
സംഗീതം & ആലാപനം. ജി. പ്രദീപ് കുമാര്‍ പന്തളം.

http://www.devaragam.net/vbscript/WimpyPlayer.aspx?var=,Kavunarthu_Sarade_Visarade.Mp3| ഈ ലിങ്കില്‍ പാട്ടു കേള്‍ക്കു !!!

ശാരദെ വിശാരദെ വിശുദ്ധിചക്രവാസിനി
നിരഞനെ നിരുപമെ നിരന്തരായെ മംഗളെ,
നിദാന്ത ശാന്ത ശുഭ്രത നിറഞ്ഞൊരാതിരുവുടല്‍
ഉദിച്ചിടേണമെന്മനതമസ്സിലെ വെളിച്ചമായ്.

പ്രകാശമണ്ഡലത്തിനുള്ളില്‍ വാണിടും ശിവംകരി
പ്രണവമന്ത്രരൂപിണീ,പ്രപഞ്ച ജീവദായിനി
സര്‍വ്വ മന്ത്രതന്ത്രയന്ത്ര വാസിനി സുഹാസിനി,
ഹനിക്കുകെന്നിലൂറിടുന്ന ദാരികന്റെ ദുര്‍മദം

മൂഡനായ കാളിദാസനക്ഷരം പകര്‍ന്നു നീ
ശ്രീ ശങ്കരനദ്വൈതബോധ ദര്‍ശനം കൊടുത്തുനീ
പകരുകെന്റെ നാവിലും പാദാരവിന്ദ തീര്‍ഥവും
തുണക്കണം ത്രിവര്‍ഗ്ഗദാത്രി നിന്‍പദം പണിയുവാന്‍.