08 February 2016

"വല്യ മേളം"


കുരമ്പാല പടയണി - അടവി മഹോൽസവം2016-"വല്യ മേളം"

" തപ്പ്‌ " എന്ന വാദ്യമാണു പടയണിയിൽ ആദ്യന്തം പ്രയോഗത്തിൽ ഉള്ള വാദ്യം. അസുരവാദ്യം എന്ന ഗണത്തിലാണു "പടയണിയുടെ ദേവവാദ്യമായ" തപ്പിന്റെ സ്ഥാനം. നിരവധി നാട്ടുതാളങ്ങൾ ചേരുന്ന സങ്കീർണ്ണമായ "തപ്പുമേളം" പടയണിയുടെ മാത്രം സവിശേഷതയാണു.

പാണ്ടി പഞ്ചാരി പോലെയുളള കേരളീയ മേളം പോലെ തന്നെ മധ്യതിരുവിതാം കൂറിന്റെ വളരെ ചെറിയ ഒരു പ്രദേശത്തു നിലനിൽക്കുന്ന അനുഷ്ഠാന മേള സമ്പ്രദായമാണു വല്യമേളം. തപ്പ്‌ , തമിൽ , ചെണ്ട, വീരമദ്ദളം, കുഴൽ, കൊമ്പ്‌ ,ഇലത്താളം എന്നീ വാദ്യങൾ ചേർന്നു പ്രയോഗിക്കുന്ന വല്യ മേളത്തെ "അസുര മേളം" എന്നാണു പറയുന്നത്‌.അസുര വാദ്യങ്ങളുടെ പ്രയോഗം കൊണ്ടാവാം ഈ പേരു സിദ്ധമായത്‌. കൊമ്പും കുഴലും ഇപ്പൊൾ പ്രയോഗത്തിൽ ഇല്ല. അടവി മഹോത്സവത്തിനു പ്രയോഗിക്കുന്ന കുരമ്പാലയുടെ തനതു മേളമാണു വല്യ മേളം.

(late)നൂറനാടു രാഘവപ്പണിക്കർ, (late)അറുകാലിക്കൽ രാഘവപ്പണിക്കർ, കടമ്മനിട്ട വാസു ദേവൻ പിളള, (late)പന്തളം നാരായണപിളള , (late)കുരമ്പാല ഭാസ്കരപ്പണിക്കർ, (late)കടമ്മനിട്ട ഗോപിനാഥക്കുറുപ്പ്‌, കടമ്മനിട്ട രഘുകുമാർ, എന്നീ ആരാധ്യരായ ആശാൻ മാരുടെ ശിക്ഷണത്തിലും ഉപദേശത്തിലും പ്രോത്സാഹനവും കൊണ്ടാണു വല്യ മേളത്തെ അന്യം നിന്നുപോകാതെ ഇന്നു കാണുന്ന രീതിയിൽ നിലനിർത്താനായത്‌.

8 അക്ഷരകാല താളക്രിയയിൽ ചെമ്പട സ്വഭാവത്ത്തിൽ തുടങ്ങി വിവിധ അക്ഷരകാലങ്ങളിലായി വിവിധ നിലകൾ കൊട്ടി ഇടക്കലാശങ്ങളോടെ തൂപ്പു കാപ്പൊലിയോടെ തീരുകലാശം കൊട്ടി അവസാനിക്കുന്നതാണു വല്യമേളഘടന. വീരമദ്ദളം,തമിൽ എന്നിവ അപൂർവ്വ വാദ്യങ്ങളാൺ.
തൂക്കം,വേലകളി,താവടി , തപ്പുമേളത്തിലെ വട്ടവണക്കു എന്നിവയുടെ താളപ്രയോഗവുമായി വല്യമേള പ്രയോഗത്തിനു ചില സമാനതകൾ ഉളളതായി കാണാം. ©



"അടവി"


കുരമ്പാല പുത്തൻ കാവിൽ ഭഗവതിക്ഷേത്രത്തിലെ ( http://puthenkavil.com) 5 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന "അടവി" മഹോത്സവത്തിനു ഇന്നു ചൂട്ടു വെച്ചു.! (http://youtu.be/70YAU7ljlQI )ഇനി ഫെബ്രുവരി 17 വരെ എഴര നാഴിക ഇരുട്ടിൽ വീക്കൻ ചെണ്ടകൊട്ടി ചൂട്ടുകത്തിച്ചു കാവിനു ചുറ്റും കൂക്കി വിളിച്ചു "പിശാചിനെ ഉണർത്തും. "കാവുണർത്ത്‌ "എന്നാണു ഈ ചടങ്ങിന്റെ പേരു. കുറഞ്ഞതു പത്തുദിവസം കാവുണർത്തണം.
(http://padayani.com)

ഫെബ്രുവരി 18 തപ്പു കാച്ചികൊട്ടി (http://youtu.be/yUm1GgF3-do)വല്യമേളം കലാശിച്ചു "തൂപ്പുകാപ്പൊലി " തുള്ളി " നേർതാവടിയും" പന്നത്താവടിയും". തുടർന്നു വിനൊദ രൂപമായ " വെളള പരദേശിയും കുരമ്പാലയുടെ മാത്രം കോലമായ " വെളളയും കരിയും കോലവും ഒന്നാം ദിവസം കളമേറും.

തുടർന്ന് തുടർ ദിവസങളിൽ ഗണപതി , ഗണപതി പിശാച്‌, മറുത, വടിമാടൻ, പുള്ളി മാടൻ , തൊപ്പി മാടൻ, ചെറ്റമാടൻ 51 പാളയിൽ തീർത്ത കാലയക്ഷി എന്നി കോലങ്ങൾ ,28 ഇൽ പ്പരം പരമ്പരാഗത പടയണി നാടകങ്ങൾ എന്നിവ കളത്തിലെത്തും.

9ആം ദിവസം ( ഫെബ്രുവരി 26) നരബലി സമാനമായ ചൂരൽ ഉരുളിച്ച. 2500 റിൽ പരം ആളുകൾ ചൂരലിൽ ഉരൂണ്ട്‌ ജീവ രക്തം കാളിക്കു ബലി നൽകി നരബലി അനുഷ്ഠിക്കും. (http://youtu.be/lys8uHef49Y)

തുടർ ദിവസങളിൽ , കുതിര കോലം, കാലൻ കോലം, അമ്പലവും വിളക്കും, 101 പാളയിൽ തീർത്ത ഭൈരവി കോലം എന്നിവ കളമേറും. മാർച്ച്‌ 1 നു ചിറമുടിയിലെക്കു തുള്ളി ഒഴിക്കൽ.!!! (http://youtu.be/WFKYyYeRWzc)

ശർക്കരക്കുടം - പടയണി നാടകം.(പടയണി വിനോദം)

ശർക്കരക്കുടം - പടയണി  നാടകം.(പടയണി വിനോദം)
-------------------------------------------------------------------------


      പടയണി  അടിമുടി നാടകമാണ്. ഒരു ഗ്രാമം മുഴുവൻ  നാടകവേദി  ജനങ്ങൾ  മുഴുവൻ  നടീനടൻമാർ . കാണാൻ ഒരേയൊരു  ആൾ  മാത്രം "കാവിലമ്മ". പടയണിയുടെ  സങ്കല്പം അങ്ങനെയാണ്. 64 ജാതികളെയും  പടയണി നാടകത്തിൽ  വിമർശിച്ചിരുന്നു  എന്ന്  പഴയതലമുറ. എങ്കിലും  കാലത്തിന്റെ  പടയോട്ടത്തിൽ  തകർച്ചയില്ലാതെ  കിട്ടിയവയിൽ  64ലിന്റെ  കണക്കു  കണ്ടെത്തുക  എളുപ്പമല്ല. 28 ഓളം  പടയണിനാടകങ്ങൾ (പടയണി വിനോദം)  ഇന്നും  കുരമ്പാലയിൽ  നിലവിൽ ഉണ്ട്.  സാമൂഹിക  വിമർശനമാണ്  പടയണി  നാടകത്തിന്റെ  ഉൾകരുത്ത് . അജ്ഞാതരായ  ആരൊക്കെയോ  ഉണ്ടാക്കി  തലമുറകളിലൂടെ  സഞ്ചരിച്ചു ഇന്ന് കാണുന്ന രൂപത്തിൽ  പടയണി  വിനോദ നാടകങ്ങൾ  കുരമ്പാലയിൽ നിലനിൽക്കുന്നതിൽ  യശ്ശശരീരനായ പന്തളം നാരായണ  പിള്ള  ആശാന്റെ  അറിവും  മനസ്സും  അദ്ധ്വാനവും, മുൻതലമുറനല്കിയ  പിന്തുണയുമാണ്  കാരണമായി  തീർന്നത്.

"ശർക്കരക്കുടം"  നാടകം  മുതലാളി  തൊഴിലാളി  ബന്ധത്തിന്റെ സാമാന്യ  സ്വഭാവത്തെ  ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിനോപ്പം സാമൂഹികവും  മാനസികവുമായ തലങ്ങളെ   നിരീക്ഷിക്കുയും  ചെയ്യുന്നു. ഭാഷാ  പ്രയോഗത്തിന്റെ  സാധ്യതകളെ  കാണികളുടെ ആസ്വാദന  നിലവാരത്തിനനുസരിച്ചു  ഉപയോഗപ്പെടുത്തുകയും  ചെയ്യുന്നു.

ശർക്കര  വ്യാപാരിയും  അയാളുടെ  ചുമട്ടുകാരനുമാണ്  കഥാപാത്രങ്ങൾ. കഥയുടെ  പുരോഗതിയിൽ  കാഴ്ചക്കാരിൽചിലരും നടൻമാരും  ചോദ്യകർത്താക്കളുമാകുന്നു. ശർക്കര വ്യാപാരി  അമ്പലത്തിലെ  ഉത്സവത്തിനു  കൊടുക്കാം എന്ന് ഏറ്റ  ശർക്കര  ഒൻപതാംഉത്സവംആയിട്ടും  കിട്ടാഞ്ഞതിനാൽ  വ്യാപാരിയെ  അധികാരികൾ  ചോദ്യംചെയ്യുന്നു. വ്യാപാരി  ചുമട്ടുകാരനെ  വിളിക്കുന്നു. ചുമട്ടുകാരൻ  ഹാസ്യാത്മകമായി  ജനകൂട്ടത്തിനിടയിൽ  നിന്നും  കളത്തിലെത്തുന്നു. വരവുതാമസിക്കാൻ  ഉണ്ടായകാരണം  ചുമടുമായിവന്നവഴിയിൽ  കണ്ടരാജ്യം  " മനോരാജ്യം " ആണെന്നും , കണ്ട ദേശം "ഉദ്ദേശം" ആണെന്നും , കണ്ട കര  "മാവേലിക്കര" എന്നും  തുടങ്ങി  "ചീവിടെ"ന്ന  വീട്ടിൽപോയെന്നും  അച്ചിയെ  കണ്ടെന്നും മകൾക്ക്  താലി  വേണമെന്നുപറഞ്ഞപ്പോൾ  ഒരു  "കൂന്താലി" തീർത്തു  കൊടുത്തെന്നും  അതിനാൽ  താമസിച്ചെന്നും മുതലാളിയെ  ധരിപ്പിക്കുന്നു. പിന്നെ  മറ്റു  വിശേശങ്ങളും. ഒടുവിൽ  യാത്ര തുടങ്ങാൻ  തയ്യാറകവേ " തൂറാൻ മുട്ടുന്ന" ചുമട്ടു കാരനെ  സഹായിക്കാൻ  മുതലാളി  ചുമടുഏറ്റുവാങ്ങുന്നതോടെ  നാടകവും അതിന്റെ  ഹാസ്യവും പാരമ്യതയിൽ എത്തുകയും മുതലാളിയുടെ  മേൽമുണ്ടു  പിടിച്ചുവാങ്ങി  അന്തരീക്ഷത്തിൽ  അടിച്ചുകുടഞ്ഞു  "ശണ്ടി പോളിയെടെ  മോനെ" എന്നവിളിയോടെ  തൊഴിലാളി  മുതലാളി ആകുന്നു. തൊഴിലാളി  മുതലാളി  ആകുന്ന  അല്ലെങ്കിൽ  തൊഴിലാളിക്ക്  മുതലാളിആകാനുള്ള  ത്വരയാണ്  " ശർക്കരക്കുടം" പടയണിനാടകത്തിന്റെ  കാതൽ . ©



"നമ്പൂതിരിയും വാല്യക്കാരനും" - പടയണി നാടകം.

"നമ്പൂതിരിയും വാല്യക്കാരനും"  - പടയണി നാടകം.
-----------------------------------------------------------------------

     അനുഷ്ഠാനവും , പാരമ്പര്യവും ,  ചരിത്രവും  കെട്ടുപിണഞ്ഞുകിടക്കുന്ന  ചരിത്രത്തിന്റെ  അറ്റുപോകാത്ത  നാവാണ്  പടയണിപോലുള്ള  അനുഷ്ഠാന  കലകൾ. കാലഘട്ടാനുസൃതമായി  സാമൂഹിക  വ്യവസ്ഥിതിയെ  അനാവരണം ചെയ്യുന്ന , ചോദ്യം ചെയ്യുന്ന , പരിഹസിക്കുന്ന   പടയണി  നാടകങ്ങൾ ( പടയണി  വിനോദം )   ഇന്നും  കുരമ്പാലയിൽ  ഉണ്ട്. 64  ജാതീയ വേഷങ്ങളും  പരിഹാസ രൂപേണ  അരങ്ങുവാണിരുന്ന  കാലം  കഴിഞ്ഞു പോയെങ്കിലും, അവയിൽ  ഏറെക്കുറെ  നാടകങ്ങളും  ഇന്നും  കുരമ്പാല  ഗ്രാമത്തിന്റെ അഞ്ചുവർഷത്തിൽ  ഒരിക്കൽ  മാത്രം അരങ്ങേറുന്ന  അടവിമഹോത്സവ  പടയണിക്കളത്തിൽ  ഉണ്ട്.ജാതീയമല്ലാത്ത  സമൂഹത്തിലേക്ക്  പരദേശികളുടെ  വരവ്, ബ്രാഹ്മണആധിപത്യം  ഇവയെസംബന്ധിക്കുന്ന  സൂചനകൾ  പടയണി  നാടകങ്ങളിൽ  കാണാം. ആചാരപരമായി  ബ്രാഹ്മണൻ  പടയണിയുടെ  ഘടനക്കുപുറത്താണ് . പക്ഷെ  ഏറ്റവും  കൂടുതൽ  വിമർശന  വിധേയമാകുന്നത്  ബ്രാഹ്മണ  വേഷവും. നമ്പൂതിരിയും  വാല്യക്കാരനും, ഊട്ടുപട്ടർ, ബലിപ്പട്ടർ  എന്നീ  നാടകങ്ങൾ ബ്രാഹ്മണ  പൌരോഹിത്യത്തെ  പരിഹസിക്കുന്നു. 

നമ്പൂതിരിയും  വാല്യക്കാരനും  എന്ന  നാടകം വടക്കുനിന്നുംവന്ന  ആഢ്യനായ  നമ്പൂതിരിയും  അദ്ദേഹത്തിന്റെ  വാല്യക്കാരനായ " ഉണിക്കൊമരന്റെയും " സംഭാഷണത്തിലൂടെ  കരക്കൂട്ടത്തിന്റെ  ഇടപെടലോടെ  പുരോഗമിക്കുന്ന  പടയണി നാടകമാണ്.  വടക്കുനിന്നും " എഴിതള്ളി" (ഏഴുന്നള്ളി) വന്ന പണ്ഡിതനായ നമ്പൂതിരിയും  അദ്ദേഹത്തിന്റെ നമ്പൂതിരി  ഭാഷയെ  സാധാരണക്കാർക്ക്  മനസിലാകുന്ന  രീതിയിൽ  തന്റേതായ  ശൈലിയിൽ  "പൊരുളുതിരിക്കുന്ന" വാല്യകാരനുമാണ്  കഥാപാത്രങ്ങൾ.

ഉണ്ണിക്കുടവയറും , മുഞ്ഞിക്കെ പൊരുകണ്ണിയും(മുഖത്തെ ചുണങ്ങ്), ചന്തിക്കെ കൃതാവും ഉളള  മഹത് വ്യക്തിത്വമാണ്  താനെന്നു; ചകിരി മീശയും തലേക്കെട്ടും , കയ്യിൽ ഓലക്കെട്ടുമായി വരുന്ന വാല്യക്കാരൻ  സമർത്ഥിക്കുന്നു. നമ്പൂതിരിയെ  കണക്കറ്റു പരിഹസിക്കുന്നും  ഉണ്ട്.കുഞ്ചൻനമ്പ്യാർക്ക്  പടയണി  പ്രചോദനമായതിന്റെ  രഹസ്യം പടയണി നാടകങ്ങളുടെ  സാമൂഹികവിമർശനാത്മകമായ  ഹാസ്യം കൊണ്ടാകാം. വാല്യക്കാരന്റെ  ഹാസ്യാത്മകമായ  അവതരണം  കാണികളെ  അവരുടെ  പങ്കാളിത്തത്തോടെ ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും  ചെയ്യുന്നു.വടക്കനായ  നമ്പൂതിരി അദ്ദേഹത്തിന്റെ  സ്വതസിദ്ധമായ  ഭാഷയിൽ താൻ വന്ന  വഴിയിലെ  കാഴ്ച്ചകളെ  അനുഭവങ്ങളെ വാല്യക്കാരനുമായി  പങ്കുവെയ്ക്കുന്നു , കഥാന്ത്യം  നമ്പൂതിരിക്ക്  ഉണ്ടായ കുട്ടികൾക്ക്  വേണ്ടി  വെടിക്കെട്ട്  നടത്തി അവസാനിക്കുന്നു. ചില  നമ്പൂതിരി  ഭാഷയും  വാല്യക്കാരന്റെ  പൊരുളു  തിരിക്കലും  ഇങ്ങനെയാണ് ...

ഈർക്കിൽ  ഉപ്പേരിയായി  - ഈ  ദിക്കിലേക്ക്  വരികയുണ്ടായി.
തിരുള  - തിരുവല്ല ( തിരുവില്ലാത്ത  ദേശം)
രണ്ടുംകൂടിയിടം  - അഴിമുഖം
കൊല്ലന്റെകയ്യിലെ  വളഞ്ഞ  യന്ത്രം - ചൂണ്ടകൊളുത്ത്.
സംബന്ധം - കെട്ട് .
ഇടക്കിട്ടുശടച്ചിട്ടുകുറുമുണ്ടൻ  - ചൂണ്ടപൊങ്ങ്.
പകലുണങ്ങി - പരമ്പ് ( പനമ്പ് )

തുടങ്ങി  രസകരമായ ഭാഷാപ്രയോഗങ്ങൾ   നാടക സംഭാഷണത്തിന്റെ  ആദ്യന്തം  കാണികളെ  രസിപ്പിക്കുന്നു. അത്യന്തം ശ്രമകരമാണ്  അഭിനയം.  ഹാസ്യവും  ചടുലതയും  കാണികളുടെ  ചോദ്യങ്ങൾക്ക്  ഉരുളക്കുപ്പേരി പോലുളള ഹാസ്യാത്മക  മറുപടികളും  നാടകത്തിനു  അത്യന്താപേക്ഷിതമാണ്. തികഞ്ഞ  നടന്  മാത്രമേ  അഭിനയിപ്പിച്ചു  ഫലിപ്പിക്കാനും  സാധിക്കു." പരശുരാമ  പണം  കെട്ടിനകത്തൂടെ  വടക്കോട്ടൊഴുകുന്നു" എന്ന  സംഭാഷണം  പരിഹാസത്തിന്റെ  പരകോടിയാണ്. ©