08 February 2016

"വല്യ മേളം"


കുരമ്പാല പടയണി - അടവി മഹോൽസവം2016-"വല്യ മേളം"

" തപ്പ്‌ " എന്ന വാദ്യമാണു പടയണിയിൽ ആദ്യന്തം പ്രയോഗത്തിൽ ഉള്ള വാദ്യം. അസുരവാദ്യം എന്ന ഗണത്തിലാണു "പടയണിയുടെ ദേവവാദ്യമായ" തപ്പിന്റെ സ്ഥാനം. നിരവധി നാട്ടുതാളങ്ങൾ ചേരുന്ന സങ്കീർണ്ണമായ "തപ്പുമേളം" പടയണിയുടെ മാത്രം സവിശേഷതയാണു.

പാണ്ടി പഞ്ചാരി പോലെയുളള കേരളീയ മേളം പോലെ തന്നെ മധ്യതിരുവിതാം കൂറിന്റെ വളരെ ചെറിയ ഒരു പ്രദേശത്തു നിലനിൽക്കുന്ന അനുഷ്ഠാന മേള സമ്പ്രദായമാണു വല്യമേളം. തപ്പ്‌ , തമിൽ , ചെണ്ട, വീരമദ്ദളം, കുഴൽ, കൊമ്പ്‌ ,ഇലത്താളം എന്നീ വാദ്യങൾ ചേർന്നു പ്രയോഗിക്കുന്ന വല്യ മേളത്തെ "അസുര മേളം" എന്നാണു പറയുന്നത്‌.അസുര വാദ്യങ്ങളുടെ പ്രയോഗം കൊണ്ടാവാം ഈ പേരു സിദ്ധമായത്‌. കൊമ്പും കുഴലും ഇപ്പൊൾ പ്രയോഗത്തിൽ ഇല്ല. അടവി മഹോത്സവത്തിനു പ്രയോഗിക്കുന്ന കുരമ്പാലയുടെ തനതു മേളമാണു വല്യ മേളം.

(late)നൂറനാടു രാഘവപ്പണിക്കർ, (late)അറുകാലിക്കൽ രാഘവപ്പണിക്കർ, കടമ്മനിട്ട വാസു ദേവൻ പിളള, (late)പന്തളം നാരായണപിളള , (late)കുരമ്പാല ഭാസ്കരപ്പണിക്കർ, (late)കടമ്മനിട്ട ഗോപിനാഥക്കുറുപ്പ്‌, കടമ്മനിട്ട രഘുകുമാർ, എന്നീ ആരാധ്യരായ ആശാൻ മാരുടെ ശിക്ഷണത്തിലും ഉപദേശത്തിലും പ്രോത്സാഹനവും കൊണ്ടാണു വല്യ മേളത്തെ അന്യം നിന്നുപോകാതെ ഇന്നു കാണുന്ന രീതിയിൽ നിലനിർത്താനായത്‌.

8 അക്ഷരകാല താളക്രിയയിൽ ചെമ്പട സ്വഭാവത്ത്തിൽ തുടങ്ങി വിവിധ അക്ഷരകാലങ്ങളിലായി വിവിധ നിലകൾ കൊട്ടി ഇടക്കലാശങ്ങളോടെ തൂപ്പു കാപ്പൊലിയോടെ തീരുകലാശം കൊട്ടി അവസാനിക്കുന്നതാണു വല്യമേളഘടന. വീരമദ്ദളം,തമിൽ എന്നിവ അപൂർവ്വ വാദ്യങ്ങളാൺ.
തൂക്കം,വേലകളി,താവടി , തപ്പുമേളത്തിലെ വട്ടവണക്കു എന്നിവയുടെ താളപ്രയോഗവുമായി വല്യമേള പ്രയോഗത്തിനു ചില സമാനതകൾ ഉളളതായി കാണാം. ©



No comments:

Post a Comment

അഭിപ്രായിക്കു