25 April 2020

പൂച്ചേടെ "ഇങ്ങ്യാവൂ" ഒരു മരുന്നാണ്‌.

ഓലച്ചൂട്ടും പാഞ്ചിതൂപ്പും എരുമതോലും എരിഞ്ഞും കരിഞ്ഞും കടുത്തും പരക്കുന്ന രാവിന്റെ ഗന്ധം .....!
ഇരുളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇരുട്ടുകീറി അലറിവിളിച്ച്‌ ചാടിയുലഞ്ഞുറഞ്ഞ്‌ വെളിച്ചപ്പാട്‌..!
വലതു കയ്യിൽ "കാളാമുണ്ടം വാള്‌" ഇടതുകയ്യിൽ " തണുങ്ങു തിരിക" ചിലമ്പ്‌ ...!
പട്ട്‌ , തലേകെട്ട്‌ , ഭസ്മ തേപ്പ്‌ ;
ഉടലുവിറച്ച്‌ ഉറഞ്ഞ്‌ കുരലുപൊട്ടുമാറലറി.....
ഒരു വെളിച്ച " പാട്‌ "
ഈ......" പ്പെടുക്കും" എന്ന് വെളിച്ചപ്പാട്‌..!
പെടുക്കുമോ ..? എന്ന് കരക്കാര്‌
ഇപ്പമെടുക്കുമെന്ന് വെളിച്ചപ്പാട്‌..!
ആരാ"കുന്നാ" ..? യെന്നും എന്താ "കുന്നാ" ..? യെന്നും എവിടുന്നാ "കുന്നാ" ...? യെന്നും കരക്കാര്‌..!
ഞാൻ കുന്നനും മറ്റുമല്ലെന്ന് ; കുന്നങ്ങു വലിച്ചുകൂട്ടെന്ന് വെളിച്ചപ്പാട്‌.!
വല്യച്ചോ വല്യച്ചോന്നു കരക്കാര്‌....
"വലിച്ചോന്നും" ഞാനെന്റെ അമ്മേടാളാന്നും വെളിച്ചപ്പാട്‌‌.....!
അമ്മേടാള്‌ അച്ഛനല്ലേന്നു കരക്കാര്‌........?
അമ്മയുടെ പാദത്തിങ്കൽ പന്തീരാണ്ടുകൊല്ലം തപസ്സിരുന്നു "കാമ്പിയായി" അമ്മയുടെ മതുക്കുഴിയിൽ മുങ്ങി, പാറക്കടവിൽ
നേണപ്പോൾ ഒരു പട ചോറും പൂവും കിട്ടിയെന്നും എന്റെ വലത്തേകയ്യിലിരിക്കുന്നത്‌ അച്ഛൻ തന്ന വാളാന്നും ഇടത്തേക്കയ്യിലേ അമ്മതന്ന ചിലമ്പാന്നും വെളിച്ചപ്പാട്‌.!
അവിടുന്ന് "പടേണീ"
ന്നൊരു "ഏണി" ചാരി കൊടപ്പാറ
കേറി പുലിയെ വളർത്തുന്ന പുലിച്ചാണി യെ കണ്ടു..!
കൈയങ്ങോട്ടിട്ടു ...
പിടിച്ചിങ്ങോട്ടിറക്കി ..
അപ്പോൾ ചെറുപുലി ചാടി;
വീണ്ടും കയ്യങ്ങോട്ടിട്ടു.. പിടിച്ചിങ്ങോട്ടിറക്കി ..
ഒരു ഇടത്തരം പുലിചാടി...
വീണ്ടും കയ്യങ്ങോട്ടിട്ടു പിടിച്ചിങ്ങോട്ടിറക്കി...
ഒരു ചെറു പുലിചാടി...
അതിന്റെ പുറത്തുകയറി വന്ന ആളാണു വെളിച്ചപ്പാട്‌ വല്യച്ചൻ..!
ഉണ്ണികൾക്ക്‌ "ദൃഷ്ടാന്തം" കേക്കണോന്ന് വെളിച്ചപ്പാട്‌ ... ....!
കേക്കണമെന്ന്കരക്കാര്‌...!
കല്ലേൽ പെടുത്താൽ കാലേൽ തെറിക്കും...
കരിയിലേൽ പെടുത്താൽ കിറുകിറാ കേക്കും...
പോച്ചേ പെടുത്താൽ പതഞ്ഞുവരും...
മണലിൽ പെടുത്താൽ കുഴിഞ്ഞു വരുമെന്ന് ...വെളിച്ചപ്പാട്‌ വക "പെടുപ്പു" ദൃഷ്ടാന്തം.....!
ദൃഷ്‌ടാന്തങ്ങൾ വീണ്ടും വെളിച്ചപ്പെട്ടു..!
ഉണ്ണീടെ കന്നീലെമൂലക്കെ‌ കാവും പാലയും വെട്ടിതെളിച്ച്‌ നോക്കിയാൽ കാണുന്ന നാഗയക്ഷിയുടെ നാളക്കല്ലിൽ നാഗരാജാവിന്റെ പിഴുതുകിടക്കുന്ന ബിംബം നൂത്തുനിർത്തി നൂറ്റൊന്നുകരിക്കു വെട്ടി നൂറും പാലും കഴിച്ചാൽ സർവ്വദോഷവും മാറി സന്തതിനാശം വരുമെന്ന് വെളിച്ചപ്പാട്‌...!
പ്രേതബാധഒഴിക്കണമെന്ന് കരക്കാര്‌.... !
ബാധയൊഴിക്കാൻ ചില അങ്ങാടിമരുന്നു വേണമെന്ന് വെളിച്ചപ്പാട്‌...!
കതകിന്റെ കിറുകിറുപ്പ്‌.....
അരകല്ലിന്റെ വടക്കോട്ടുപോയ വേർ...
പൂച്ചേടെ ഇങ്ങ്യാവൂ,
നിലാവിന്റെ ഞെട്ട്‌... ഇത്രയുമുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന് വെളിച്ചപ്പാട്‌..!
പടയണിക്കളങ്ങളുടെ മിത്തിൽനിന്ന് സത്യത്തിലേക്കുള്ളവഴിയിൽ ഒരു "വെളിച്ചപ്പാട്‌" ദൂരത്തിൽ നിൽക്കുന്നു മിത്തും സത്യവും ഉറഞ്ഞുനിൽക്കുന്ന കാമ്പിത്താൻ..!

കുരമ്പാല പടയണി നാടകം- "കുഞ്ഞിരിക്കാ മഹർഷ

അഭിനയ പ്രതിഭയുളളവർ തന്മയത്വത്തോടെ കരക്കൂട്ടത്തിന്റെ പ്രോത്സാഹനത്തോടെ മാത്രം ചെയ്തു വിജയിപ്പിക്കാൻ കഴിയുന്ന കലയാണു ഹാസ്യ രസ പ്രധാനമായ പടയണിവിനോദ നാടകങ്ങൾ.

ഇന്ദ്രസദസ്സിൽ നിന്നും ഉർവശി രംഭ തിലോത്തമ മാരെ മെയ്‌വഴക്കത്തിനു ചവിട്ടി ത്തിരുമ്മവെ ചവിട്ടി തിരുമ്മാൻ കെട്ടിയ കയറുപൊട്ടി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെക്കു വീണ മഹാനായ " കുഞ്ഞിരിക്ക മഹർഷി" , ദേവാസുര യുദ്ധത്തിൽ തന്റെ പങ്കുകൊണ്ടുമാത്രം ദേവപക്ഷത്തിനു വിജയം നേടികൊടുത്തു. സംതൃപ്തനായ ഇന്ദ്രൻ " ആടുന്ന മൂക്കു " സമ്മാനം നൽകി. ഇദ്ദേഹത്തിന്റെ സഹോദരങളും മികച്ച യുദ്ധ വീരൻമാരായിരുന്നു. "കാറ്റത്തു പുളിയില വീണും, "കോഴി കുഞ്ഞുചികഞ്ഞ മണ്ണുവീണും " രണ്ടു യുദ്ധങ്ങളിലായി രണ്ടു സഹൊദരങ്ങളും കൊല്ലപ്പെട്ടു. Kiran Kurampala &Vinu Mohanan Kurampala കുഞ്ഞിരിക്കാ വേഷത്തിൽ

"അമ്മൂമ്മ" കുരമ്പാല പടയണി നാടകം


"നാരൻ കൈതയുടെ ഓല " വെള്ളത്തിലിട്ട്‌ അലിയിച്ചെടുക്കുന്ന നാരുകൊണ്ട്‌ ഉണ്ടാക്കിയ "നരച്ച മുടികെട്ട്‌". കെട്ടഴിഞ്ഞുപോയ "റൗക്കക്കിടയിലൂടെ തൂങ്ങിയാടുന്ന സഞ്ചിമുല". നെറ്റിയിലും കൈത്തണ്ടയിലും ഭസ്മ്ക്കുറി. വളഞ്ഞുകൂനിയ ഉടലുതാങാൻ കയ്യിൽ ഊന്നുവടി
"എന്റെ പൊന്നും കൊടത്തു മക്കളെ" എന്നു നീട്ടിവിളിച്ച്‌ കരക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കുശലവും കുറുമ്പും പറഞ്ഞു വീടുവിട്ടുപോയ സ്വന്തം "മൂപ്പീന്നിനെ " തിരക്കിയിറങ്ങിയ "അമ്മൂമ്മ " പടയണിനാടകത്തിലെ ഹാസ്യാത്മക പ്രണയനാടകമെന്നു പറയാം. ..!!
തിരുവാതിരയും "ദാസിയാട്ടവും "ഒക്കെ അറിയാവുന്ന അമ്മൂമ്മക്ക്‌ ഇപ്പോൾ പഴയപോലെ പാടാൻ വയ്യ. ഒരു തലക്കൂടെ പാടുമ്പോൾ "രണ്ടുതലക്കൂടെ ശ്വാസം പോകുന്നതിന്റെ " ബുദ്ധിമുട്ട്‌ ഉണ്ട്‌.
എങ്കിലും ഉള്ള ശ്വാസംകൊണ്ട്‌ " പങ്കജാക്ഷൻ കടൽ വർണ്ണൻ "പാടികളിക്കാനും പറ്റും.
ആദ്യത്തെവകയിൽ അമ്മൂമ്മയെ സംബന്ധം ചെയ്തത്‌ " അരിപ്പാട്ട്‌ നീലാണ്ടന" ( വിഖ്യാത ആന ഹരിപ്പാട്ട്‌ നീലകണ്ഠൻ) ആവകയിൽ മൂന്നാലു പിള്ളാരുണ്ട്‌: എല്ലാരും കോന്നി ആനക്കൂട്ടില.പിന്നെ കോന്നീക്കാരൻ മൂപ്പീന്നു വക സംബന്ധം , അതും പോരാഞ്ഞു മുളക്കഴക്കാരൻ മൂപ്പീന്നു. എവിടെയൊ ആനക്കു ഭ്രാന്തെടുത്തതിനു തോട്ടീംകൊണ്ടുപോയ ഭർത്താവിനെ കാണാഞ്ഞു തിരക്കിയിറങ്ങിയ അമ്മൂമ്മ.
ഇതിനിടയിൽ "അമ്മൂമ്മയുടെ പാടത്തിനു നടുക്കൂടുളള കൈത്തോട്ടിക്കൂടി വെളളം തിരിക്കാൻ വന്ന ചാക്കു മാപ്ലയുമായുളള കേസ്സ്‌ ...! എന്നു വേണ്ട കാണികൾക്കുളള മുഴുവൻ സംശയങൾക്കും ഉരുളക്കുപ്പെരിപോലെ മറുപടിയും ഉണ്ട്‌ അമ്മൂമ്മക്ക്‌. ഇതിനിടയിൽ കാണികളിൽ ചിലർക്ക്‌ തൂങ്ങിയാടുന്ന സഞ്ചിമുല കൊടുക്കാനും അമ്മൂമ്മക്കു മടിയില്ല. !!!!!
പന്തളം നാരായണ പിളള ആശാൻ ഉജ്വലമായി അവതരിപ്പിച്ചിരുന്ന അമ്മൂമ്മ നാടകം. ആശാന്റെ അവതരണരീതിയോടു കിടപിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പടയണി കലാകാരനാണ്‌ പ്രശസ്ത സമൂഹിക രാഷ്ട്രീയ പ്രവർത്തകനും പടയണികലാകാരനുമായ കിരൺ കുരമ്പാല. നാരായണ പിളള ആശാൻ അനുഗ്രഹിച്ചു നൽകിയ ആശാന്റെ സ്വന്തം "നാരൻ കൈത മുടിയുമായി "കേരളത്തിലുടനീളം വിവിധ പടയണി കളങ്ങളിൽ അദ്ദെഹത്തിന്റെ അമ്മൂമ്മ വേഷം കളമേറി.ഇന്ത്യക്കു പുറത്ത്‌ മലേഷ്യയിൽ പടയണി അവതരിപ്പിക്കാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പടയണികളങ്ങളിൽ നിന്നു കളങ്ങളിലേക്ക്‌ അദ്ദെഹത്തിന്റെ വേഷപകർച്ച ഊജ്വലമായി തുടരുന്നു. ©

ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌


ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌
ഇന്ദിശ പാടിവന്ന വന്ന.....മാരൻപാട്ട്‌ പ്രാകൃതമായൊരീണത്തിൽ പതിഞ്ഞ ശബ്ദത്തിൽ പാടിപകർന്നുതന്നൊരു പച്ചമനുഷ്യനുണ്ട് എന്റെ ഓർമ്മയിൽ...‌. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ. സദാനന്ദൻ ചേട്ടൻ; അദ്ദേഹത്തിന്റെ ശബ്ദത്തിലല്ലാതെ മാരൻപാട്ട്‌ ഓർക്കാനും എനിക്ക്‌ കഴിയില്ല. കുരമ്പാല പടയണിക്ക്‌ പുത്തൻ "മാറ്റും" ,പുത്തനറിവുകളും തന്ന് പുത്തങ്കാവിന്റെ അചാരാനുഷ്ഠാനങ്ങളിൽ കരവിരുതുകൊണ്ട്‌ കെട്ടുവിതാനമൊരുക്കിയ കലാകാരൻ. തേങ്ങാ വൃത്തത്തിൽപൂളികെട്ടി ആലിലയും മാവിലയും കുരുത്തോലയും കൊണ്ട്‌ ചമച്ച കുരുതിപന്തൽ, ഉത്സവത്തിനും,അൻപൊലിക്കും, അടവിക്കും മനോഹരമായ പന്തൽ കെട്ടുവിതാനവും തൂക്കും , "ചാക്കക്ക്"‌ വല്ലം കെട്ടിതന്നും, കുരുത്തോലകരവിരുതും, കുതിരക്കുംമാടനും മെടഞ്ഞും, പൂപ്പടയ്ക്ക്‌ പാടിയും,ഭൈരവിയുടെ ചിറമുടിയാത്രയും,പുറംകളബലിയും മണ്ണാന്റെമാന്ത്രികവിദ്യയും ‌തുടങ്ങി‌ പാട്ടറിവും ,നാട്ടറിവും,ജീവിതാനുഭവവും കൊണ്ട്‌ സമ്പന്നമായ നാട്ടുവിഞ്ജാനകോശമായിരുന്നു ശ്രീ.സദാനന്ദൻ എന്ന സാധാരണക്കാരൻ . കുരമ്പാല കാലയക്ഷികളമേറുന്നദിവസം അടവിപന്തൽ പൂർണ്ണമാകുന്നതിന്റെ കാരണം"അലങ്കരിച്ച പന്തൽതന്നിലേ ....ഇളകൊള്ളോ യക്ഷിമാരെല്ലാം" എന്ന സങ്കൽപ്പമാണെന്ന് പറഞ്ഞുതന്നത്‌ ഇന്നും ഓർക്കുന്നു.
സ്ഥലകാലപരിമിതികളില്ലാതെ ചോദിച്ചറിയാൻ ചെന്നപ്പോഴൊക്കെ ഒരു ബീഡിക്ക്‌ തീപിടിപ്പിച്ച്‌ ഉള്ളിലെ അറിവും ഓർമ്മയും‌ കഥകളും പകർന്നുനൽകുകയും, സ്വന്തം കുടുംബത്തിനൊപ്പം അതികഠിനമായി അദ്ധ്വാനിച്ചു ജീവിക്കുകയും ചെയ്ത ഒരു പഴയ മനുഷ്യൻ. പാരമ്പര്യ നാട്ടറിവുശേഖരം, പാട്ടുശേഖരം, വൈദ്യം, ഒറ്റമൂലികൾ, ചരിത്രം, അനുഷ്ഠാനം അങ്ങനെ കുറെ അറിവുകൾ മണ്മറന്നു പോയിട്ടുണ്ടാവാം..ആരെങ്കിലും ഏറ്റുവാങ്ങുകയോ, പിന്മുറക്കാർ ആരെങ്കിലും പകർത്തിയെടുക്കുകയോ, പകരുകയോ ചെയ്തോ എന്ന് അറിയില്ല. ജീവിത പരിമിതികളിൽ നിന്നുകൊണ്ട്‌ കുരമ്പാലപടയണിക്കുവേണ്ടി ചിലതൊക്കെ നഷ്ടപെട്ടുപോകാതെ സൂക്ഷിക്കാൻ വിഫലശ്രമം ഞാനും നടത്തിയിട്ടുണ്ട്‌. വരിനോ വരിനോ..., ഭൈരവി വന്തായെ... തുടങ്ങിയ പുറംകളപാട്ടുകൾ മങ്ങാതെമായാതെ ഇന്നും എന്റെ ഓർമ്മയിലുണ്ട്‌.
പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും ജീവിച്ച ശ്രീ സദാനന്ദൻ ചേട്ടന്റെ
ഓർമ്മകൾകുമുന്നിൽ എന്റെ പ്രണാമം. വിദൂരതയിൽ ഇരിക്കുമ്പോഴും കളങ്കമില്ലാത്ത ഇത്തരം മനുഷ്യരേൽപ്പിച്ചുപോയ ഓർമ്മകളും‌, അറിവുകളുമാണ്‌‌ ജീവിതത്തിന്റെ പച്ചപ്പ്‌.