25 April 2020

പൂച്ചേടെ "ഇങ്ങ്യാവൂ" ഒരു മരുന്നാണ്‌.

ഓലച്ചൂട്ടും പാഞ്ചിതൂപ്പും എരുമതോലും എരിഞ്ഞും കരിഞ്ഞും കടുത്തും പരക്കുന്ന രാവിന്റെ ഗന്ധം .....!
ഇരുളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇരുട്ടുകീറി അലറിവിളിച്ച്‌ ചാടിയുലഞ്ഞുറഞ്ഞ്‌ വെളിച്ചപ്പാട്‌..!
വലതു കയ്യിൽ "കാളാമുണ്ടം വാള്‌" ഇടതുകയ്യിൽ " തണുങ്ങു തിരിക" ചിലമ്പ്‌ ...!
പട്ട്‌ , തലേകെട്ട്‌ , ഭസ്മ തേപ്പ്‌ ;
ഉടലുവിറച്ച്‌ ഉറഞ്ഞ്‌ കുരലുപൊട്ടുമാറലറി.....
ഒരു വെളിച്ച " പാട്‌ "
ഈ......" പ്പെടുക്കും" എന്ന് വെളിച്ചപ്പാട്‌..!
പെടുക്കുമോ ..? എന്ന് കരക്കാര്‌
ഇപ്പമെടുക്കുമെന്ന് വെളിച്ചപ്പാട്‌..!
ആരാ"കുന്നാ" ..? യെന്നും എന്താ "കുന്നാ" ..? യെന്നും എവിടുന്നാ "കുന്നാ" ...? യെന്നും കരക്കാര്‌..!
ഞാൻ കുന്നനും മറ്റുമല്ലെന്ന് ; കുന്നങ്ങു വലിച്ചുകൂട്ടെന്ന് വെളിച്ചപ്പാട്‌.!
വല്യച്ചോ വല്യച്ചോന്നു കരക്കാര്‌....
"വലിച്ചോന്നും" ഞാനെന്റെ അമ്മേടാളാന്നും വെളിച്ചപ്പാട്‌‌.....!
അമ്മേടാള്‌ അച്ഛനല്ലേന്നു കരക്കാര്‌........?
അമ്മയുടെ പാദത്തിങ്കൽ പന്തീരാണ്ടുകൊല്ലം തപസ്സിരുന്നു "കാമ്പിയായി" അമ്മയുടെ മതുക്കുഴിയിൽ മുങ്ങി, പാറക്കടവിൽ
നേണപ്പോൾ ഒരു പട ചോറും പൂവും കിട്ടിയെന്നും എന്റെ വലത്തേകയ്യിലിരിക്കുന്നത്‌ അച്ഛൻ തന്ന വാളാന്നും ഇടത്തേക്കയ്യിലേ അമ്മതന്ന ചിലമ്പാന്നും വെളിച്ചപ്പാട്‌.!
അവിടുന്ന് "പടേണീ"
ന്നൊരു "ഏണി" ചാരി കൊടപ്പാറ
കേറി പുലിയെ വളർത്തുന്ന പുലിച്ചാണി യെ കണ്ടു..!
കൈയങ്ങോട്ടിട്ടു ...
പിടിച്ചിങ്ങോട്ടിറക്കി ..
അപ്പോൾ ചെറുപുലി ചാടി;
വീണ്ടും കയ്യങ്ങോട്ടിട്ടു.. പിടിച്ചിങ്ങോട്ടിറക്കി ..
ഒരു ഇടത്തരം പുലിചാടി...
വീണ്ടും കയ്യങ്ങോട്ടിട്ടു പിടിച്ചിങ്ങോട്ടിറക്കി...
ഒരു ചെറു പുലിചാടി...
അതിന്റെ പുറത്തുകയറി വന്ന ആളാണു വെളിച്ചപ്പാട്‌ വല്യച്ചൻ..!
ഉണ്ണികൾക്ക്‌ "ദൃഷ്ടാന്തം" കേക്കണോന്ന് വെളിച്ചപ്പാട്‌ ... ....!
കേക്കണമെന്ന്കരക്കാര്‌...!
കല്ലേൽ പെടുത്താൽ കാലേൽ തെറിക്കും...
കരിയിലേൽ പെടുത്താൽ കിറുകിറാ കേക്കും...
പോച്ചേ പെടുത്താൽ പതഞ്ഞുവരും...
മണലിൽ പെടുത്താൽ കുഴിഞ്ഞു വരുമെന്ന് ...വെളിച്ചപ്പാട്‌ വക "പെടുപ്പു" ദൃഷ്ടാന്തം.....!
ദൃഷ്‌ടാന്തങ്ങൾ വീണ്ടും വെളിച്ചപ്പെട്ടു..!
ഉണ്ണീടെ കന്നീലെമൂലക്കെ‌ കാവും പാലയും വെട്ടിതെളിച്ച്‌ നോക്കിയാൽ കാണുന്ന നാഗയക്ഷിയുടെ നാളക്കല്ലിൽ നാഗരാജാവിന്റെ പിഴുതുകിടക്കുന്ന ബിംബം നൂത്തുനിർത്തി നൂറ്റൊന്നുകരിക്കു വെട്ടി നൂറും പാലും കഴിച്ചാൽ സർവ്വദോഷവും മാറി സന്തതിനാശം വരുമെന്ന് വെളിച്ചപ്പാട്‌...!
പ്രേതബാധഒഴിക്കണമെന്ന് കരക്കാര്‌.... !
ബാധയൊഴിക്കാൻ ചില അങ്ങാടിമരുന്നു വേണമെന്ന് വെളിച്ചപ്പാട്‌...!
കതകിന്റെ കിറുകിറുപ്പ്‌.....
അരകല്ലിന്റെ വടക്കോട്ടുപോയ വേർ...
പൂച്ചേടെ ഇങ്ങ്യാവൂ,
നിലാവിന്റെ ഞെട്ട്‌... ഇത്രയുമുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന് വെളിച്ചപ്പാട്‌..!
പടയണിക്കളങ്ങളുടെ മിത്തിൽനിന്ന് സത്യത്തിലേക്കുള്ളവഴിയിൽ ഒരു "വെളിച്ചപ്പാട്‌" ദൂരത്തിൽ നിൽക്കുന്നു മിത്തും സത്യവും ഉറഞ്ഞുനിൽക്കുന്ന കാമ്പിത്താൻ..!

No comments:

Post a Comment

അഭിപ്രായിക്കു