25 April 2020

ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌


ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌
ഇന്ദിശ പാടിവന്ന വന്ന.....മാരൻപാട്ട്‌ പ്രാകൃതമായൊരീണത്തിൽ പതിഞ്ഞ ശബ്ദത്തിൽ പാടിപകർന്നുതന്നൊരു പച്ചമനുഷ്യനുണ്ട് എന്റെ ഓർമ്മയിൽ...‌. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ. സദാനന്ദൻ ചേട്ടൻ; അദ്ദേഹത്തിന്റെ ശബ്ദത്തിലല്ലാതെ മാരൻപാട്ട്‌ ഓർക്കാനും എനിക്ക്‌ കഴിയില്ല. കുരമ്പാല പടയണിക്ക്‌ പുത്തൻ "മാറ്റും" ,പുത്തനറിവുകളും തന്ന് പുത്തങ്കാവിന്റെ അചാരാനുഷ്ഠാനങ്ങളിൽ കരവിരുതുകൊണ്ട്‌ കെട്ടുവിതാനമൊരുക്കിയ കലാകാരൻ. തേങ്ങാ വൃത്തത്തിൽപൂളികെട്ടി ആലിലയും മാവിലയും കുരുത്തോലയും കൊണ്ട്‌ ചമച്ച കുരുതിപന്തൽ, ഉത്സവത്തിനും,അൻപൊലിക്കും, അടവിക്കും മനോഹരമായ പന്തൽ കെട്ടുവിതാനവും തൂക്കും , "ചാക്കക്ക്"‌ വല്ലം കെട്ടിതന്നും, കുരുത്തോലകരവിരുതും, കുതിരക്കുംമാടനും മെടഞ്ഞും, പൂപ്പടയ്ക്ക്‌ പാടിയും,ഭൈരവിയുടെ ചിറമുടിയാത്രയും,പുറംകളബലിയും മണ്ണാന്റെമാന്ത്രികവിദ്യയും ‌തുടങ്ങി‌ പാട്ടറിവും ,നാട്ടറിവും,ജീവിതാനുഭവവും കൊണ്ട്‌ സമ്പന്നമായ നാട്ടുവിഞ്ജാനകോശമായിരുന്നു ശ്രീ.സദാനന്ദൻ എന്ന സാധാരണക്കാരൻ . കുരമ്പാല കാലയക്ഷികളമേറുന്നദിവസം അടവിപന്തൽ പൂർണ്ണമാകുന്നതിന്റെ കാരണം"അലങ്കരിച്ച പന്തൽതന്നിലേ ....ഇളകൊള്ളോ യക്ഷിമാരെല്ലാം" എന്ന സങ്കൽപ്പമാണെന്ന് പറഞ്ഞുതന്നത്‌ ഇന്നും ഓർക്കുന്നു.
സ്ഥലകാലപരിമിതികളില്ലാതെ ചോദിച്ചറിയാൻ ചെന്നപ്പോഴൊക്കെ ഒരു ബീഡിക്ക്‌ തീപിടിപ്പിച്ച്‌ ഉള്ളിലെ അറിവും ഓർമ്മയും‌ കഥകളും പകർന്നുനൽകുകയും, സ്വന്തം കുടുംബത്തിനൊപ്പം അതികഠിനമായി അദ്ധ്വാനിച്ചു ജീവിക്കുകയും ചെയ്ത ഒരു പഴയ മനുഷ്യൻ. പാരമ്പര്യ നാട്ടറിവുശേഖരം, പാട്ടുശേഖരം, വൈദ്യം, ഒറ്റമൂലികൾ, ചരിത്രം, അനുഷ്ഠാനം അങ്ങനെ കുറെ അറിവുകൾ മണ്മറന്നു പോയിട്ടുണ്ടാവാം..ആരെങ്കിലും ഏറ്റുവാങ്ങുകയോ, പിന്മുറക്കാർ ആരെങ്കിലും പകർത്തിയെടുക്കുകയോ, പകരുകയോ ചെയ്തോ എന്ന് അറിയില്ല. ജീവിത പരിമിതികളിൽ നിന്നുകൊണ്ട്‌ കുരമ്പാലപടയണിക്കുവേണ്ടി ചിലതൊക്കെ നഷ്ടപെട്ടുപോകാതെ സൂക്ഷിക്കാൻ വിഫലശ്രമം ഞാനും നടത്തിയിട്ടുണ്ട്‌. വരിനോ വരിനോ..., ഭൈരവി വന്തായെ... തുടങ്ങിയ പുറംകളപാട്ടുകൾ മങ്ങാതെമായാതെ ഇന്നും എന്റെ ഓർമ്മയിലുണ്ട്‌.
പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും ജീവിച്ച ശ്രീ സദാനന്ദൻ ചേട്ടന്റെ
ഓർമ്മകൾകുമുന്നിൽ എന്റെ പ്രണാമം. വിദൂരതയിൽ ഇരിക്കുമ്പോഴും കളങ്കമില്ലാത്ത ഇത്തരം മനുഷ്യരേൽപ്പിച്ചുപോയ ഓർമ്മകളും‌, അറിവുകളുമാണ്‌‌ ജീവിതത്തിന്റെ പച്ചപ്പ്‌.

No comments:

Post a Comment

അഭിപ്രായിക്കു