25 April 2020

"അമ്മൂമ്മ" കുരമ്പാല പടയണി നാടകം


"നാരൻ കൈതയുടെ ഓല " വെള്ളത്തിലിട്ട്‌ അലിയിച്ചെടുക്കുന്ന നാരുകൊണ്ട്‌ ഉണ്ടാക്കിയ "നരച്ച മുടികെട്ട്‌". കെട്ടഴിഞ്ഞുപോയ "റൗക്കക്കിടയിലൂടെ തൂങ്ങിയാടുന്ന സഞ്ചിമുല". നെറ്റിയിലും കൈത്തണ്ടയിലും ഭസ്മ്ക്കുറി. വളഞ്ഞുകൂനിയ ഉടലുതാങാൻ കയ്യിൽ ഊന്നുവടി
"എന്റെ പൊന്നും കൊടത്തു മക്കളെ" എന്നു നീട്ടിവിളിച്ച്‌ കരക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കുശലവും കുറുമ്പും പറഞ്ഞു വീടുവിട്ടുപോയ സ്വന്തം "മൂപ്പീന്നിനെ " തിരക്കിയിറങ്ങിയ "അമ്മൂമ്മ " പടയണിനാടകത്തിലെ ഹാസ്യാത്മക പ്രണയനാടകമെന്നു പറയാം. ..!!
തിരുവാതിരയും "ദാസിയാട്ടവും "ഒക്കെ അറിയാവുന്ന അമ്മൂമ്മക്ക്‌ ഇപ്പോൾ പഴയപോലെ പാടാൻ വയ്യ. ഒരു തലക്കൂടെ പാടുമ്പോൾ "രണ്ടുതലക്കൂടെ ശ്വാസം പോകുന്നതിന്റെ " ബുദ്ധിമുട്ട്‌ ഉണ്ട്‌.
എങ്കിലും ഉള്ള ശ്വാസംകൊണ്ട്‌ " പങ്കജാക്ഷൻ കടൽ വർണ്ണൻ "പാടികളിക്കാനും പറ്റും.
ആദ്യത്തെവകയിൽ അമ്മൂമ്മയെ സംബന്ധം ചെയ്തത്‌ " അരിപ്പാട്ട്‌ നീലാണ്ടന" ( വിഖ്യാത ആന ഹരിപ്പാട്ട്‌ നീലകണ്ഠൻ) ആവകയിൽ മൂന്നാലു പിള്ളാരുണ്ട്‌: എല്ലാരും കോന്നി ആനക്കൂട്ടില.പിന്നെ കോന്നീക്കാരൻ മൂപ്പീന്നു വക സംബന്ധം , അതും പോരാഞ്ഞു മുളക്കഴക്കാരൻ മൂപ്പീന്നു. എവിടെയൊ ആനക്കു ഭ്രാന്തെടുത്തതിനു തോട്ടീംകൊണ്ടുപോയ ഭർത്താവിനെ കാണാഞ്ഞു തിരക്കിയിറങ്ങിയ അമ്മൂമ്മ.
ഇതിനിടയിൽ "അമ്മൂമ്മയുടെ പാടത്തിനു നടുക്കൂടുളള കൈത്തോട്ടിക്കൂടി വെളളം തിരിക്കാൻ വന്ന ചാക്കു മാപ്ലയുമായുളള കേസ്സ്‌ ...! എന്നു വേണ്ട കാണികൾക്കുളള മുഴുവൻ സംശയങൾക്കും ഉരുളക്കുപ്പെരിപോലെ മറുപടിയും ഉണ്ട്‌ അമ്മൂമ്മക്ക്‌. ഇതിനിടയിൽ കാണികളിൽ ചിലർക്ക്‌ തൂങ്ങിയാടുന്ന സഞ്ചിമുല കൊടുക്കാനും അമ്മൂമ്മക്കു മടിയില്ല. !!!!!
പന്തളം നാരായണ പിളള ആശാൻ ഉജ്വലമായി അവതരിപ്പിച്ചിരുന്ന അമ്മൂമ്മ നാടകം. ആശാന്റെ അവതരണരീതിയോടു കിടപിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പടയണി കലാകാരനാണ്‌ പ്രശസ്ത സമൂഹിക രാഷ്ട്രീയ പ്രവർത്തകനും പടയണികലാകാരനുമായ കിരൺ കുരമ്പാല. നാരായണ പിളള ആശാൻ അനുഗ്രഹിച്ചു നൽകിയ ആശാന്റെ സ്വന്തം "നാരൻ കൈത മുടിയുമായി "കേരളത്തിലുടനീളം വിവിധ പടയണി കളങ്ങളിൽ അദ്ദെഹത്തിന്റെ അമ്മൂമ്മ വേഷം കളമേറി.ഇന്ത്യക്കു പുറത്ത്‌ മലേഷ്യയിൽ പടയണി അവതരിപ്പിക്കാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പടയണികളങ്ങളിൽ നിന്നു കളങ്ങളിലേക്ക്‌ അദ്ദെഹത്തിന്റെ വേഷപകർച്ച ഊജ്വലമായി തുടരുന്നു. ©

No comments:

Post a Comment

അഭിപ്രായിക്കു