08 February 2016

ശർക്കരക്കുടം - പടയണി നാടകം.(പടയണി വിനോദം)

ശർക്കരക്കുടം - പടയണി  നാടകം.(പടയണി വിനോദം)
-------------------------------------------------------------------------


      പടയണി  അടിമുടി നാടകമാണ്. ഒരു ഗ്രാമം മുഴുവൻ  നാടകവേദി  ജനങ്ങൾ  മുഴുവൻ  നടീനടൻമാർ . കാണാൻ ഒരേയൊരു  ആൾ  മാത്രം "കാവിലമ്മ". പടയണിയുടെ  സങ്കല്പം അങ്ങനെയാണ്. 64 ജാതികളെയും  പടയണി നാടകത്തിൽ  വിമർശിച്ചിരുന്നു  എന്ന്  പഴയതലമുറ. എങ്കിലും  കാലത്തിന്റെ  പടയോട്ടത്തിൽ  തകർച്ചയില്ലാതെ  കിട്ടിയവയിൽ  64ലിന്റെ  കണക്കു  കണ്ടെത്തുക  എളുപ്പമല്ല. 28 ഓളം  പടയണിനാടകങ്ങൾ (പടയണി വിനോദം)  ഇന്നും  കുരമ്പാലയിൽ  നിലവിൽ ഉണ്ട്.  സാമൂഹിക  വിമർശനമാണ്  പടയണി  നാടകത്തിന്റെ  ഉൾകരുത്ത് . അജ്ഞാതരായ  ആരൊക്കെയോ  ഉണ്ടാക്കി  തലമുറകളിലൂടെ  സഞ്ചരിച്ചു ഇന്ന് കാണുന്ന രൂപത്തിൽ  പടയണി  വിനോദ നാടകങ്ങൾ  കുരമ്പാലയിൽ നിലനിൽക്കുന്നതിൽ  യശ്ശശരീരനായ പന്തളം നാരായണ  പിള്ള  ആശാന്റെ  അറിവും  മനസ്സും  അദ്ധ്വാനവും, മുൻതലമുറനല്കിയ  പിന്തുണയുമാണ്  കാരണമായി  തീർന്നത്.

"ശർക്കരക്കുടം"  നാടകം  മുതലാളി  തൊഴിലാളി  ബന്ധത്തിന്റെ സാമാന്യ  സ്വഭാവത്തെ  ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിനോപ്പം സാമൂഹികവും  മാനസികവുമായ തലങ്ങളെ   നിരീക്ഷിക്കുയും  ചെയ്യുന്നു. ഭാഷാ  പ്രയോഗത്തിന്റെ  സാധ്യതകളെ  കാണികളുടെ ആസ്വാദന  നിലവാരത്തിനനുസരിച്ചു  ഉപയോഗപ്പെടുത്തുകയും  ചെയ്യുന്നു.

ശർക്കര  വ്യാപാരിയും  അയാളുടെ  ചുമട്ടുകാരനുമാണ്  കഥാപാത്രങ്ങൾ. കഥയുടെ  പുരോഗതിയിൽ  കാഴ്ചക്കാരിൽചിലരും നടൻമാരും  ചോദ്യകർത്താക്കളുമാകുന്നു. ശർക്കര വ്യാപാരി  അമ്പലത്തിലെ  ഉത്സവത്തിനു  കൊടുക്കാം എന്ന് ഏറ്റ  ശർക്കര  ഒൻപതാംഉത്സവംആയിട്ടും  കിട്ടാഞ്ഞതിനാൽ  വ്യാപാരിയെ  അധികാരികൾ  ചോദ്യംചെയ്യുന്നു. വ്യാപാരി  ചുമട്ടുകാരനെ  വിളിക്കുന്നു. ചുമട്ടുകാരൻ  ഹാസ്യാത്മകമായി  ജനകൂട്ടത്തിനിടയിൽ  നിന്നും  കളത്തിലെത്തുന്നു. വരവുതാമസിക്കാൻ  ഉണ്ടായകാരണം  ചുമടുമായിവന്നവഴിയിൽ  കണ്ടരാജ്യം  " മനോരാജ്യം " ആണെന്നും , കണ്ട ദേശം "ഉദ്ദേശം" ആണെന്നും , കണ്ട കര  "മാവേലിക്കര" എന്നും  തുടങ്ങി  "ചീവിടെ"ന്ന  വീട്ടിൽപോയെന്നും  അച്ചിയെ  കണ്ടെന്നും മകൾക്ക്  താലി  വേണമെന്നുപറഞ്ഞപ്പോൾ  ഒരു  "കൂന്താലി" തീർത്തു  കൊടുത്തെന്നും  അതിനാൽ  താമസിച്ചെന്നും മുതലാളിയെ  ധരിപ്പിക്കുന്നു. പിന്നെ  മറ്റു  വിശേശങ്ങളും. ഒടുവിൽ  യാത്ര തുടങ്ങാൻ  തയ്യാറകവേ " തൂറാൻ മുട്ടുന്ന" ചുമട്ടു കാരനെ  സഹായിക്കാൻ  മുതലാളി  ചുമടുഏറ്റുവാങ്ങുന്നതോടെ  നാടകവും അതിന്റെ  ഹാസ്യവും പാരമ്യതയിൽ എത്തുകയും മുതലാളിയുടെ  മേൽമുണ്ടു  പിടിച്ചുവാങ്ങി  അന്തരീക്ഷത്തിൽ  അടിച്ചുകുടഞ്ഞു  "ശണ്ടി പോളിയെടെ  മോനെ" എന്നവിളിയോടെ  തൊഴിലാളി  മുതലാളി ആകുന്നു. തൊഴിലാളി  മുതലാളി  ആകുന്ന  അല്ലെങ്കിൽ  തൊഴിലാളിക്ക്  മുതലാളിആകാനുള്ള  ത്വരയാണ്  " ശർക്കരക്കുടം" പടയണിനാടകത്തിന്റെ  കാതൽ . ©



No comments:

Post a Comment

അഭിപ്രായിക്കു