08 February 2016

"നമ്പൂതിരിയും വാല്യക്കാരനും" - പടയണി നാടകം.

"നമ്പൂതിരിയും വാല്യക്കാരനും"  - പടയണി നാടകം.
-----------------------------------------------------------------------

     അനുഷ്ഠാനവും , പാരമ്പര്യവും ,  ചരിത്രവും  കെട്ടുപിണഞ്ഞുകിടക്കുന്ന  ചരിത്രത്തിന്റെ  അറ്റുപോകാത്ത  നാവാണ്  പടയണിപോലുള്ള  അനുഷ്ഠാന  കലകൾ. കാലഘട്ടാനുസൃതമായി  സാമൂഹിക  വ്യവസ്ഥിതിയെ  അനാവരണം ചെയ്യുന്ന , ചോദ്യം ചെയ്യുന്ന , പരിഹസിക്കുന്ന   പടയണി  നാടകങ്ങൾ ( പടയണി  വിനോദം )   ഇന്നും  കുരമ്പാലയിൽ  ഉണ്ട്. 64  ജാതീയ വേഷങ്ങളും  പരിഹാസ രൂപേണ  അരങ്ങുവാണിരുന്ന  കാലം  കഴിഞ്ഞു പോയെങ്കിലും, അവയിൽ  ഏറെക്കുറെ  നാടകങ്ങളും  ഇന്നും  കുരമ്പാല  ഗ്രാമത്തിന്റെ അഞ്ചുവർഷത്തിൽ  ഒരിക്കൽ  മാത്രം അരങ്ങേറുന്ന  അടവിമഹോത്സവ  പടയണിക്കളത്തിൽ  ഉണ്ട്.ജാതീയമല്ലാത്ത  സമൂഹത്തിലേക്ക്  പരദേശികളുടെ  വരവ്, ബ്രാഹ്മണആധിപത്യം  ഇവയെസംബന്ധിക്കുന്ന  സൂചനകൾ  പടയണി  നാടകങ്ങളിൽ  കാണാം. ആചാരപരമായി  ബ്രാഹ്മണൻ  പടയണിയുടെ  ഘടനക്കുപുറത്താണ് . പക്ഷെ  ഏറ്റവും  കൂടുതൽ  വിമർശന  വിധേയമാകുന്നത്  ബ്രാഹ്മണ  വേഷവും. നമ്പൂതിരിയും  വാല്യക്കാരനും, ഊട്ടുപട്ടർ, ബലിപ്പട്ടർ  എന്നീ  നാടകങ്ങൾ ബ്രാഹ്മണ  പൌരോഹിത്യത്തെ  പരിഹസിക്കുന്നു. 

നമ്പൂതിരിയും  വാല്യക്കാരനും  എന്ന  നാടകം വടക്കുനിന്നുംവന്ന  ആഢ്യനായ  നമ്പൂതിരിയും  അദ്ദേഹത്തിന്റെ  വാല്യക്കാരനായ " ഉണിക്കൊമരന്റെയും " സംഭാഷണത്തിലൂടെ  കരക്കൂട്ടത്തിന്റെ  ഇടപെടലോടെ  പുരോഗമിക്കുന്ന  പടയണി നാടകമാണ്.  വടക്കുനിന്നും " എഴിതള്ളി" (ഏഴുന്നള്ളി) വന്ന പണ്ഡിതനായ നമ്പൂതിരിയും  അദ്ദേഹത്തിന്റെ നമ്പൂതിരി  ഭാഷയെ  സാധാരണക്കാർക്ക്  മനസിലാകുന്ന  രീതിയിൽ  തന്റേതായ  ശൈലിയിൽ  "പൊരുളുതിരിക്കുന്ന" വാല്യകാരനുമാണ്  കഥാപാത്രങ്ങൾ.

ഉണ്ണിക്കുടവയറും , മുഞ്ഞിക്കെ പൊരുകണ്ണിയും(മുഖത്തെ ചുണങ്ങ്), ചന്തിക്കെ കൃതാവും ഉളള  മഹത് വ്യക്തിത്വമാണ്  താനെന്നു; ചകിരി മീശയും തലേക്കെട്ടും , കയ്യിൽ ഓലക്കെട്ടുമായി വരുന്ന വാല്യക്കാരൻ  സമർത്ഥിക്കുന്നു. നമ്പൂതിരിയെ  കണക്കറ്റു പരിഹസിക്കുന്നും  ഉണ്ട്.കുഞ്ചൻനമ്പ്യാർക്ക്  പടയണി  പ്രചോദനമായതിന്റെ  രഹസ്യം പടയണി നാടകങ്ങളുടെ  സാമൂഹികവിമർശനാത്മകമായ  ഹാസ്യം കൊണ്ടാകാം. വാല്യക്കാരന്റെ  ഹാസ്യാത്മകമായ  അവതരണം  കാണികളെ  അവരുടെ  പങ്കാളിത്തത്തോടെ ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും  ചെയ്യുന്നു.വടക്കനായ  നമ്പൂതിരി അദ്ദേഹത്തിന്റെ  സ്വതസിദ്ധമായ  ഭാഷയിൽ താൻ വന്ന  വഴിയിലെ  കാഴ്ച്ചകളെ  അനുഭവങ്ങളെ വാല്യക്കാരനുമായി  പങ്കുവെയ്ക്കുന്നു , കഥാന്ത്യം  നമ്പൂതിരിക്ക്  ഉണ്ടായ കുട്ടികൾക്ക്  വേണ്ടി  വെടിക്കെട്ട്  നടത്തി അവസാനിക്കുന്നു. ചില  നമ്പൂതിരി  ഭാഷയും  വാല്യക്കാരന്റെ  പൊരുളു  തിരിക്കലും  ഇങ്ങനെയാണ് ...

ഈർക്കിൽ  ഉപ്പേരിയായി  - ഈ  ദിക്കിലേക്ക്  വരികയുണ്ടായി.
തിരുള  - തിരുവല്ല ( തിരുവില്ലാത്ത  ദേശം)
രണ്ടുംകൂടിയിടം  - അഴിമുഖം
കൊല്ലന്റെകയ്യിലെ  വളഞ്ഞ  യന്ത്രം - ചൂണ്ടകൊളുത്ത്.
സംബന്ധം - കെട്ട് .
ഇടക്കിട്ടുശടച്ചിട്ടുകുറുമുണ്ടൻ  - ചൂണ്ടപൊങ്ങ്.
പകലുണങ്ങി - പരമ്പ് ( പനമ്പ് )

തുടങ്ങി  രസകരമായ ഭാഷാപ്രയോഗങ്ങൾ   നാടക സംഭാഷണത്തിന്റെ  ആദ്യന്തം  കാണികളെ  രസിപ്പിക്കുന്നു. അത്യന്തം ശ്രമകരമാണ്  അഭിനയം.  ഹാസ്യവും  ചടുലതയും  കാണികളുടെ  ചോദ്യങ്ങൾക്ക്  ഉരുളക്കുപ്പേരി പോലുളള ഹാസ്യാത്മക  മറുപടികളും  നാടകത്തിനു  അത്യന്താപേക്ഷിതമാണ്. തികഞ്ഞ  നടന്  മാത്രമേ  അഭിനയിപ്പിച്ചു  ഫലിപ്പിക്കാനും  സാധിക്കു." പരശുരാമ  പണം  കെട്ടിനകത്തൂടെ  വടക്കോട്ടൊഴുകുന്നു" എന്ന  സംഭാഷണം  പരിഹാസത്തിന്റെ  പരകോടിയാണ്. ©



No comments:

Post a Comment

അഭിപ്രായിക്കു