22 June 2013

" മരുഭ്രാന്തന്‍ " (കവിത)

കനല്‍കാറ്റില്‍  ഉഷ്ണം തിരവരക്കുന്ന,
മരുപ്പരപ്പിലായ്  നിധിതേടും  ഭ്രാന്തന്‍. 
കുടിനീരില്ല വിയര്‍പ്പുപ്പുവീണൊട്ടുന്നൊരാ- 
കുരലില്‍ കാരുണ്യത്തിന്‍  തെളിനീര്‍ തേടുന്നവന്‍.
ഇഴഞ്ഞും  വലിഞ്ഞേറെനടന്നും  കനംതൂങ്ങു-
മിരുമ്പിന്‍ബാദ്ധ്യതാ വിലങ്ങാല്‍ പൂട്ടപെട്ടോന്‍ .
ഇവിടം സ്വര്‍ഗ്ഗസുഖം കിനാവില്‍ കണ്ടോര്‍ 
വീണനരകം;ഉത്തരാധുനികമാം അടിമത്തം.
പണമാണെങ്ങും വിധി പറയും ന്യായാധിപന്‍ !
മരണം പോലും പണംപിടുങ്ങും ആഘോഷങ്ങള്‍.
വിനീത വിധേയത്വം  നട്ടെല്ലിന്‍ വളവേറ്റി,
കുനിഞ്ഞേ നടക്കാവൂ , കുറയാ പൊങ്ങച്ചവും.
കൊടുത്താല്‍ ഒടുങ്ങാത്തകടത്തില്‍ ഉടല്‍തൂക്കി- 
ഉയിര്‍പോയോര്‍  ഗതിയില്ലാ ശപ്താത്മാക്കള്‍. 
രുചികള്‍ നാവില്‍ നിന്നും അന്യമായ് തീര്‍ന്നോന്‍; കൊടും-
വിശപ്പില്‍ പോലും കള്ളം രുചിയായ് നുണയുന്നോന്‍.
ചില്ലുമേടതന്‍ സുഖസ്വശ്ചത കിനാകണ്ടു- 
മുള്‍വഴി താണ്ടി അറ്റം കാണാതെ ഉഴറുന്നു 
യൗവനം  പണംവാര്‍ന്നു മരുഭൂമിയായ്  തീരും,
അന്യമായ്തീരാം  സ്വന്തമെന്നൊരഹങ്കാരവും. 
പിന്നെയാ വിസയില്ലാ യാത്രക്കുകാക്കുംനേരം 
മോഹമാം മരുപച്ച പിന്നെയുംബാക്കിയാകും....!!! 

(Published on 4pm Ezhuthupura)

No comments:

Post a Comment

അഭിപ്രായിക്കു