07 June 2013

കീറിപ്പോയ ഭൂപടം (കവിത )

ബോധനിലാവു  മറഞ്ഞുകരിഞ്ഞൊരാ,
ബോധിവൃക്ഷം  ഊര്ധ്വശ്വാസംവലിക്കവേ
ഭൌമ  ഗർഭത്തിന്നിരുളിലെങ്ങോ
നവ ബുദ്ധന്റെ  ചിരി മുഴങ്ങുന്നു..!
അമൃതായ്  അമേദ്യം ഭുജിക്കുന്ന ജന്മങ്ങൾ
അഴുകി  ഒടുങ്ങും തെരുവിനുമപ്പുറം
ഇരകളുടെ  ചോരക്കറ ചീഞ്ഞു നാറുന്ന
ഇന്ദ്രസഭാതലം തന്നിൽ  പ്രജാപതി
ശീമക്കടിവസ്ത്ര ദാസനായ് നില്പതു-
കണ്ടെന്റെ ഗാന്ധി കരയുന്നു ..!
അതിരുകല്ലെവിടെന്നറിയാതുഴലുന്നു
തലയറ്റു  വീഴാതിരുക്കുവാൻ  ഭൂപടം.
ബധിരകർണ്ണങ്ങളിൽ സത്യമേവം ജയം
മുറിയാതുപാസിച്ചുറച്ച മനസാക്ഷി
അപമാനപൂരിതം, സിരകളിൽ ചുടുചോര-
യുറയുന്നിതാ  കവേ ..! മാപ്പിരക്കുന്നു ഞാൻ
പലനിറം ചാർത്തും  കൊടിപുഴുക്കൾ
നുരഞ്ഞഴുകുമീനാടിന്റെ  രോഗമകറ്റുവാൻ
വരികില്ലൊരു  ഗാന്ധി നൂലും മരുന്നുമായ്.
വഴികാണുവാൻ  വട്ടകണ്ണാടിയില്ലാതെ,
ഉടൽതാങ്ങുവാൻ ഊന്നു വടിപോലുമില്ലാതെ,
ഇടനെഞ്ചു പൊട്ടി തകർന്ന ചെഞ്ചോരതൻ
കണികപോലും വിറ്റു പോയൊരു ഗാന്ധി;
കരയുന്നു..! ലേല  കടയുടെ മുന്നിലായ്,
വെറുമൊരു കമ്പോള  വസ്തുവാം  ഗാന്ധി ..!
അഭിനവ ഗാന്ധിസം വാലിൽ തിരുകിയ
പാൽപുഴുക്കൾ  തീറെഴുതിവാങ്ങും
നാടിനുടയവർ, ഊരും കുടിയും മുടിഞ്ഞവർ.
തുടിയും മരവും  കരുവും കലപ്പയും
ഉടലുപോലും നഷ്ടമായ പാഴ്ജന്മങ്ങൾ
വികസനപാതയിൽ  പശിതിന്നിരക്കുന്ന
ശകുനപിഴകളാം "ശൂന്യ പക്ഷങ്ങൾ";
മാപ്പിരക്കുന്നു മഹാ പ്രഭോ..!, നാമിരുവരും
കമ്പോള  ലേല  വസ്തുക്കൾ ..?.
(Published on  "SASNEHAM  AZCHAPATHIPPU , DATED 6-06-13)



No comments:

Post a Comment

അഭിപ്രായിക്കു