ദിവസം കുറച്ചായി എങ്കിലും ഗാന്ധാരിയും ദുര്യോധനനനും ഭീമനുമൊന്നും വിട്ടുപോയിട്ടില്ല!യക്ഷിയും കാലടിയും വെണ്മണിയും ജീവിതം ചതുരംഗകളമാണെന്ന് പറഞ്ഞ മുത്തശ്ശനും, താത്രിയും ഉപനയനക്കാരിയും വിട്ടുപോയിട്ടില്ല..! 2000 വർഷം പിന്നിൽനിന്ന് ഭാസമഹാകവി വീണ്ടും അരങ്ങിലെത്തുന്നതും, പാരമ്പര്യ അരങ്ങുകളിൽനിന്ന് തനതുനാടകങ്ങളൊരുക്കിയപ്രൊഫ: നരേന്ദ്രപ്രസാദ് സാറിന്റെ സൗപർണ്ണികയും
അരങ്ങുണർത്തികടന്നുപോയ ധന്യമായ ആഴ്ച..! ഊരുഭംഗത്തിന്റെ ആദ്യ ബഹറിൻ അവതരണത്തിലും രണ്ടാം ബഹറിൻ അവതരണത്തിലും പടയണി ഈണവുമായി ലൈവ് പശ്ചാത്തലസംഗീതഭാഗമാകുവാൻ കഴിയുന്നതും സൗപർണ്ണികയുടെ ആദ്യചർച്ചമുതൽ കൂടെകൂടുന്നതും ഒരോ കാലനിയോഗം.! അരങ്ങുണരുംമുന്നേ ഭാസമഹാകവിയെയും കവിചക്രവർത്തി കാളിദാസനെയും ശക്തിഭദ്രമഹാകവിയെയും ഒരു വേളസ്മരിച്ചു, ആ തുടർച്ചയിൽ കണ്ണിചേർന്ന് നിൽക്കാൻ നിയോഗമുണ്ടായല്ലൊ!
ലോകം മുഴുവൻ ദുര്യോധനനെന്നുവിളിച്ച യോദ്ധാവിനെ "സുയോധനനാക്കിയ" ഭാസൻ. അമ്മ ഗാന്ധാരി ഒരിക്കൽപോലും ആ ദുർപേരുവിളിച്ചുമില്ലല്ലൊ..! മകനേ "സുയോധനാ" എന്നവിളിയിൽ മാതൃവാത്സല്യംനിറഞ്ഞുനിൽക്കുന്നത് ഏതുകരിങ്കല്ലൻ മനസ്സിന്റെയും അടിയടരുകളിൽ കണ്ണീർനനവ് പടർത്തും.
"കുമ്പിട്ടുചൊല്ലാം പുണ്യംഞാൻ ചെയ്തിട്ടുണ്ടെന്നിരിക്കിലോ
മറുജന്മത്തിയമെനിയ്ക്ക-
മ്മയാകിവിടുന്നുതാൻ എന്ന് മാതൃസ്നേഹംകൊണ്ടു വിലപിക്കുന്ന ദുര്യോധനനും ഗാന്ധാരിയും ചേർന്നരംഗം വല്ലാതെ ഉള്ളുലച്ചു. പലപ്പോഴും നടന്മാരിൽ ഭീമനും ദുര്യോധനനും ആവേശിക്കുന്നത് അനുഭവിച്ചു . എന്റെ ജീവിതാനുഭവമായ പടയണിയുടെനാട്ടരങ്ങിന്റെ ചൂട്ടുവെളിച്ചമ്പോലെ മണംവും നിറവും കച്ചയും കാഴ്ചയും സിരകളിൽവീര്യവും നിറഞ്ഞ "കളം" എന്ന അരീനതീയറ്റർ വിഷ്ണു നാടകഗ്രാമത്തിന്റെ നേതൃത്വത്തിൽ അർത്ഥവത്തായി. പടയണിയ്യിലെ യക്ഷിക്കോലത്തിന്റെഈണവും വല്യമേള വായ്ത്താരിയും മർമ്മതാളത്തിൽ കുതിരക്കോലപാട്ടും ഇടയ്ക്ക് ശംഖവും ധർമ്മനാദമായി മുഴങ്ങി. കഥകളിപദവും കവിതയും ചെണ്ടയും മദ്ദളവും എല്ലാം എല്ലാം സമാസമം.
തനതുനാടക രംഗാവതരണരീതിക്ക് രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത സൗപർണ്ണിക നാടകം അൽപം വ്യത്യസ്ഥമായി തന്നെ വനിത സംവിധായികയുടെ മനകരുത്തിലും നിയന്ത്രണത്തിലും അരങ്ങേറി. ശ്രീമതി സന്ധ്യ ജയരാജ് അതിസങ്കീർണ്ണമായ നാടകഘടനക്ക് ഭ്രംശംവരാത്തനിലക്ക് പരിമിതികളെ അതിജീവിച്ച് സുന്ദരമായ ദൃശ്യഭംഗികൾകൊണ്ടും പ്രകാശനിയന്ത്രണംകൊണ്ടും, അഭിനയത്താലും സമ്പന്നമാക്കിയ അരങ്ങ്. സൂത്രധാരൻ ആഢ്യനുമാര്യനുമല്ലെന്ന് സ്വയം പറയുന്നെങ്കിലും അരങ്ങിലെ ആഢ്യനായിതന്നെ നിന്നു. വാർദ്ധക്യത്തിന്റെസർവ്വവും ഉടലിൽമുഴുവനാവാഹിച്ച് മുത്തശ്ശൻ! വെണ്ണിലാവുപോലെ സൗന്ദര്യവതിയായി അവതരിച്ച സുന്ദരയക്ഷി സൗപർണ്ണിക, അതേപോലെ പ്രായത്തിനപ്പുറത്തെ അഭിനയവും രൂപഭംഗിയുമായി താത്രിയും, പക്വമായഅഭിനയംകൊണ്ട് വെണ്മണിയും, കാര്യസ്ഥനും ചിത്രകാരനും പൂജാരിയും അവരവരുടെ ഭാഗങ്ങളെ മനോഹരമാക്കി, ഉപനയനക്കാരികുഞ്ഞ് അന്നോളമില്ലാത്ത അഭിനയഭംഗികൊണ്ട് മനസ്സുകളെ സ്വാധീനിച്ചു. അറിവുകൾക്കപ്പുറത്ത് അനുഭൂതിയുടെമാത്രമായോരു ലോകത്ത് നാടകം എത്തിച്ചു. പിന്നണി ലൈവാക്കി തനതുരീതിയെ പൂർണ്ണമായും ആശ്രയിച്ച് ആവർത്തനമാകാതെ അവതരിപ്പിക്കാൻ കഴിഞ്ഞത്തിൽ സംവിധായികയെ അഭിനന്ദിക്കുന്നു. യുദ്ധകാലത്തിലടക്കം ഇത്രനീണ്ടകാലയളവിലെ പരിശീലനവും തയ്യാറെടുപ്പുകളും അരങ്ങിനോടുള്ള അഭിനിവേശംകൊണ്ടേസാധ്യമാകൂ.

No comments:
Post a Comment
അഭിപ്രായിക്കു