01 August 2026

പാരഡി പാട്ടു പടയണി ‌ .!

 


പുതിയ AI കാലത്ത്‌ വലിയപാപകർമ്മങ്ങളിൽ പെട്ടതാണല്ലോ പാരഡിപാട്ട്‌ ..! പാരഡി എഴുതുന്നവനും പാടുന്നവനും കുറ്റക്കാരനാകുന്ന കാലത്തിനുമുന്നേകടന്നുപോയ കൊച്ചാട്ടന്മാർ എത്ര ഭാഗ്യവാന്മാർ.!

പാരഡിയെന്നുപറയുമ്പോൾ ഭക്തജനങ്ങൾ പൊറുക്കണം..! പ്രത്യേകിച്ചും കോലചട്ടത്തിൽ ശ്രീചക്രംവരെആരോപിക്കുന്ന ഭക്തരുള്ളകാലത്ത്‌ പൊറുക്കലുകൾക്ക്‌ കുറവുണ്ടാക്കരുതല്ലൊ.!
ഭടജനങ്ങളുടെ ഇടയിലുള്ളതും ഒരു ഭംഗിക്ക്‌ പറഞ്ഞാൽ പുരാതന ഗ്രീസിലെ അരിസ്റ്റോഫനീസ്‌ മുതൽ ഇങ്ങേയറ്റത്ത്‌ കേശുമാമൻ വരെയെത്തിയ പാരഡിശാഖക്ക്‌ പുതിയ കാലം ചമച്ചത്‌ പോറ്റിയെ കേറ്റിയപാട്ടാണല്ലൊ.!
പാരഡിക്കും മുന്നേ ഉണ്ടായൊരു പടയണിപാട്ടുസംസ്കാരത്തിലും അനേകം പാരഡികൾ പണിതുവെച്ചിരിക്കുന്നു.
കാക്കാലന്റെ രീതിപ്രകാരം "കെണപതിയെ വിളക്കത്തുവെച്ചു വാട്ടിതൊലിച്ച്"‌ തുടങ്ങാം. ഗണപതിയെ വിളക്കത്ത്‌ വെച്ച്‌ വാട്ടിതൊലിച്ചാലെ തക്കിടതരികിട തളാംകുതോം തിമികിട തരികിട തളാംകുതോം എന്നചുവടുറയ്ക്കു..!
ഇനി സോപാനഗായകരുടെ ഗണപതിയിലേക്ക്‌ വന്നാലും പാരഡി അല്ലെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ല.
പൊരിമലരവൽ പാൽ അഴകിയ കദളീ
കുലനിലവാഴ പഴമവലിളനീർ
എന്ന് ബോധത്തിന്റെ ഒരുഭാഗം പാടുമ്പോൾ
മറുഭാഗത്തുനിന്നു ആറുപോലെ തോടുവെട്ടി തോട്ടകത്തോരിലയുമിട്ട്‌ പടയണിക്കാരിങ്ങനെ പാടി.!
നിനക്കിട്ട ചോറ്റിനകത്ത്‌
എന്തുണ്ടെന്റെ കൊതിപിശാചേ
ആമയുടെ തലയുമുണ്ട്‌
കോഴിതന്റെ കുടലുമുണ്ട്‌ ..!
എന്നൊക്കെ പാടുമ്പോൾ ഗണപതി"മിത്തപ്പൻ" തുണച്ചേക്കണം!
ആശാനും ശിഷ്യരും എന്ന പടയണിനാടകത്തിലൂടെയാണ്‌ മറ്റൊരു പാരഡി അരങ്ങേറുന്നത്‌. മൂലകാവ്യം രാമായണ സംബന്ധിയായ ഇരുപത്തിനാലുവൃത്തം
തുടങ്ങുന്നതിങ്ങനെയാണ്‌;
വെണ്മതികലാഭരണനംബിക ഗണേശൻ
നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും,
നാന്മുഖനുമാദികവിമാതൃ ഗുരുഭൂതൻ
നന്മകൾ വരുത്തുക നമുക്കു ഹരിരാമ.
ഭക്തമാർക്ക്‌ അൽപം കുണ്ഡിതമുണ്ടായാലും ഇല്ലെങ്കിലും അമ്പലമുറ്റത്ത്‌ പടയണിക്കാരതിന്റെ പാരഡി "കുറച്ചുകാലംകൂടൊക്കെ" പാടിയേക്കും എന്നുകരുതാം .! പാരഡി ഇങ്ങനെയാണ്‌.
"വെണ്മണികലാധരന്റെ അമ്മേകെട്ടിതൂക്കി
നിർമ്മലഗുണാകമലൻ ഏണികൊണ്ടുചാരി
നാരായണനാമ്പിന്നുബ്ലാങ്കാലെറിഞ്ഞു
നന്മകൾവരുത്തുക നമുക്കുഹരിരാമാ"
"ബ്ലാങ്കാലെന്നാൽ" കള്ള്ചെത്തിലെ ഒരു ഉപകരണവും!
ഇതൊന്നും പോരാഞ്ഞിട്ട്‌ പരിപാവനമായ നിലവിളക്കിനെവരെ പടയണിയിലെ കുറവരുകളിക്കാരു തേച്ചുകളഞ്ഞില്ലെ..!
മൂക്കളകൊണ്ടൊരു മെയ്ക്കലുമെഴുകി
മൂത്രംകൊണ്ടു വിളക്കുകൊളുത്തി
തെക്കുവടക്കൊരു കുയിയുംവെട്ടി
കുയിക്ക്‌ മൂന്നു വലത്തുംവെച്ച്‌ ..! കുറവന്റെ കളിപാട്ടിലൂടെ ചാക്കാല കണ്ട്‌ ആരും ആചാര സംരക്ഷണത്തിനിറങ്ങല്ല്.!
ശർക്കരക്കുടക്കാരനും മുതലാളിയും വരുന്നത്‌ ഹംസദ്ധ്വനി രാഗം പാരഡി പാടിതന്നെ .!
വാതാപി ഗണപതീം ഭജേഹം പടയണിക്കാർക്ക്‌
വാടാവിൽ രണ്ടു പട്ടീം പൂച്ചേം കടിപിടി എന്നനിലയ്ക്കാ പാട്ട്‌
പഴയ നവോഥാനനായക ബന്ധം ആരോപിക്കുന്നൊരു അപ്പൂപ്പൻ കഥാപാത്രമുണ്ട്‌ പടയണിയിൽ. അപ്പൂപ്പസങ്കൽപ്പത്തോടും ആരോപണത്തോടും‌ സമദൂരം പാലിച്ച്‌ പിള്ളാരെ ഉരുട്ടി ഉരുണ്ടുനേർച്ചനടത്തുന്ന പഞ്ഞിഅപ്പൂപ്പൻ പാരഡി പാടുന്ന വഴി വേറെ.!
ഉദയഗിരിചുവന്നൂ ഭാനുബിംബംവിളങ്ങീ
നളിനമുഖജാലെ മന്ദഹാസം തുടങ്ങീ
പനിമതി മറവായ്‌ ശംഖനാദം മുഴങ്ങീ
ഉണരുക കണികാണാൻ അംബരേ ചെബരേശാ.!
പക്ഷെ പടയണിക്കാരന്റെ പാട്ട്‌ ‌ ഇങ്ങനല്ലെന്നെ..!
ഉദയഗിരിചുവന്നു ഭാനുബിംബം വിളങ്ങി
നളിനമുഖജാലെ വന്നകാര്യം തുടങ്ങീ
പനിമതി മറവായ്‌ ശംഖുമാരാൻ വിഴുങ്ങി
ഉണരുകകണികാണാൻ നിന്റമ്മേടെ നായരെ കൈതൊഴുന്നേൻ...! എന്നൊരു പാട്ടും ഉണ്ട്‌.
ഇനി മാപ്പിളപാട്ട്‌ പാരമ്പര്യത്തെയും വെറുതെവിട്ടില്ല പടയണിക്കാർ..!
മോദക്കയെന്ന പെണ്ണിനെപണ്ടു
കെട്ടിച്ചകാലം നേർന്ന
നേർച്ചയിതറിയാനുള്ളൊരു മൂസ്സ
പെണ്ണിന്റെമൂത്താൻ ഹള്ളോ.!
ഗതിമാറിയ നിലയ്ക്കും പാട്ടുണ്‌..!
ചക്കയാണേലാറുതിന്നും
മൂന്നുതേങ്ങേടെ പീരതിന്നും
ഒറ്റക്കലം ചോറുതിന്നും; പാത്തുമ്മപാട്ടും പടയണിക്കുണ്ട്‌.!
കണിയാൻ പുറപ്പാട്‌ തുടങ്ങിവെക്കുന്നൊരേടുണ്ട്‌ ..!
മൂന്നുംകൂടി വാരിവെച്ചപ്പോൾ ആദിയിൽ ഗൂളികന്റെ ആരൂഡം മറഞ്ഞുള്ള നിൽപ്പ്‌..!
ആരൂഡേ ലഗ്നസംയുക്തേ സംവാദോ യത്ര ജായതേ എന്നുതുടങ്ങിയപ്പോഴെക്കും ദാവരുന്നു അടുത്ത ഐറ്റം
ആരൂഢേ ഗൂഢമന്ദസ്മിതമധുരമുഖീ താരുണ്യാഡംബരശ്രീസ്തരളതനുകലാ .....ഇതിന്റെ ബാക്കി ഭാഷ തേടിവരുന്നവരോട്‌ വ്യാഖാനിക്കുന്നില്ല: അറിയുന്നോർ പറയട്ട്‌.!

No comments:

Post a Comment

അഭിപ്രായിക്കു