15 August 2026

ഇടവഴികൾ

 ഇടവഴികൾക്ക്‌ നിഗൂഡമായൊരു സൗന്ദര്യമുണ്ട്‌..! തേടിനടക്കുന്നവന്റെ കണ്ണിനുമാത്രം കാഴ്ചയാകാൻ വേണ്ടി പ്രകൃതി ഒളിപ്പിക്കുന്നരഹസ്യങ്ങൾ‌കൊണ്ട്‌ സമ്പന്നമായ സ്വകാര്യസ്വർഗ്ഗം.! പഴുത്ത കുരീലുകായൊ കട്ടാരപഴമൊ അതുമല്ലെങ്കിൽ തെറ്റിപ്പഴമോ മുള്ളിയോ നമുക്ക്‌ മുന്നിൽ തെളിയും, അതുമല്ലെങ്കിൽ കരിയിലകൾക്കിടയിൽ ഒറ്റകണ്ണുതുറന്നാകാശം നോക്കിക്കിടക്കുന്നൊരു കുന്നിക്കുരു, പവിഴം കൊഴിഞ്ഞപോലെ മഞ്ചാടിക്കുരു, കയ്യാലപടർപ്പിൽ മുളമ്പോച്ചവേരിൽ കണ്ണിക്കേടിനു നീറ്റലാറ്റാനൊരു മഴതുള്ളി. കട്ടാരമുള്ളിലുടക്കി പഴയഉടുപ്പൂരുന്ന ചേര തിരിഞ്ഞുനോക്കി തലപൊക്കി നാക്കിളക്കി എന്തോകുശലം പറയും.

ഇടവഴികൾക്ക്‌ ഗ്രാമീണതയുടെ ആരുമറിയാത്തൊരു സുഗന്ധവുമുണ്ട്‌.ജനജീവിത സഞ്ചാരം കാൽനടയായകാലത്ത്‌ ഇടവഴികൾക്ക്‌ നടുവിൽ നടന്നുതെളിഞ്ഞോരടിവഴി കാണാം. ഇന്ന് ജീവിതം നടപ്പിൽനിന്ന് വാഹനംകയറിയപ്പോൾ ഇടവഴികളൊക്കെ കാടടച്ച കാട്ടുവഴികളായി. പകലുകളിൽ നിഗൂഡസൗന്ദര്യമായും രാത്രിയിൽ ഭയമേറ്റുന്നവയായും ഇടവഴിമാറാറുണ്ട്‌ .
നേരം തെറ്റിനടക്കുന്നോരെ തല്ലാനൊരു മാടൻ..! ചിലങ്കകിലുക്കി മുറുക്കിതുപ്പി രാത്രിസഞ്ചാരികളാ യക്ഷിമാർ, ചങ്ങലവലിച്ച്‌ നടക്കുന്നൊരു ആനമറുതയും ഇടവഴിയേ വരുത്തുപോക്ക്‌ നടത്തുന്നത്‌ രാവിൽ കേൾക്കാം. മേലേകാവിൽ കുടിയിരിക്കുന്ന അമ്മയും യക്ഷികൂട്ടുകാരിയും ചൂട്ടും കത്തിച്ച്‌ ദൂരെ കൂനങ്കാവിൽ കുളത്തിലേക്ക്‌ രാത്രികളിൽ കുളിക്കാൻ പോയിവരുന്നതും ഇടവഴികയറിയാണല്ലൊ.! പവ്വതിമാർ പോയവഴിക്ക്‌ ‌ വെറ്റേമ്മാൻ തിന്ന് തുപ്പിയത്‌‌ ചുവന്ന കാട്ടുതെച്ചിയായി പൂക്കുന്നത്‌ ചക്കിയമ്മ പറഞ്ഞുപോയകഥകളായി പൂത്തുനിൽക്കുന്നത്‌ ഇടനേരം പോയൊന്ന് എണ്ണിനോക്കാറുണ്ട്‌.!
ഇടവഴിക്കുംമറ്റും അസമയം പോയാൽ പ്രാശടിക്കുമെന്നും ഇളമ്പിള്ളയെകണ്ടാൽ അവയൊക്കെ കൂടെകൂടുമെന്നും ദീനം പിടിക്കുമെന്നും ചക്കിയമ്മ പറയാറുണ്ട്‌.
സുഗന്ധമ്പേറിയൊരു കാറ്റണയുമ്പോൾ വരുത്തുണ്ട്‌ ഒന്ന് മാറിനിന്നോളാൻ. കാറ്റിനൊപ്പം കടന്നുപോകുന്നൊരാഗന്ധം അത്രമേൽ ഹൃദ്യമായ ഒന്നായിരുന്നു. പുലർച്ചയും അന്തിക്കും അമ്പലമൈതാനത്തിന്റെ അരികുപറ്റികാവിലേക്ക്‌ സ്ഥിരമായി പോയിരുന്ന ചുഴലി ആരായിരുന്നു..?
പിന്നീട്‌ എപ്പോഴൊ കാവിലെ പിശാചും മാടനും മറുതയും യക്ഷിയും വന്ന് കൂട്ടുകൂടി കുശലം പറഞ്ഞു.പലവേളയീകൂട്ടുവെട്ടുവാനാഞ്ഞപ്പോഴോക്കെ കെട്ടറ്റുപോകാനാകില്ലെന്ന് പറഞ്ഞ്‌ ഒരുപാട്ടോർമ്മിപ്പിച്ചിരുന്ന് ചിന്തയിലിരുന്നു അവർ ചിരിക്കും, അജ്ഞാതമായൊരു അന്ത്യമില്ലാ വഴിതുറന്നിടും.
തലയിൽകൊപ്രചാക്കും കയ്യിൽ കലവുമായി കോവാലൻ കൊച്ചാട്ടന്റെ ആട്ടുമില്ലിലേക്ക്‌ പോകുമ്പോൾ ഇടവഴിയരികിലെ കയ്യാലമറയിലേക്ക്‌ കാറ്റിലൊടിഞ്ഞ പനയുടെയും ആഞ്ഞിലിയുടേയും ഇടയിലാണല്ലൊ പുതിയകാലത്തെ ആദത്തെയും അവ്വയെയും കണ്ടത്.! ഒടിഞ്ഞുവീണ ആഞ്ഞിലിമരചാർത്ത്‌ കാഴ്ചക്ക്‌ ഏദൻ തോട്ടമായിരുന്നു, ആഞ്ഞിലിചക്ക വിലക്കില്ലാ പഴവും.! മൂപ്പെത്തിപഴുത്ത ആഞ്ഞിലിചക്ക നീട്ടി അവ്വ വിളിച്ചു; അണ്ണാ ഞങ്ങൾ ആഞ്ഞിലിചക്ക പറിക്കുവാ..! ആദം അപ്പോഴും ഇടവഴിയരികിൽപാപം മറക്കാനൊരു ആഞ്ഞിലി ചില്ലമറ തേടുകയായിരുന്നു.!
വാർദ്ധക്യവും ചെറുപ്പവും കൗമാരവും ഇഴചേർന്ന അച്ഛനും അപ്പൂപ്പനും അമ്മാവനും കൊച്ചുമക്കളും ആകാൻ പ്രായമായവരുടെ ചീട്ട് പോരാട്ടകളങ്ങൾ ഇടവഴിമരത്തണലിൽ സാധാരണമായിരുന്നു. വെള്ളതോർത്തിനു മുകളിൽ മണമുള്ള ചീട്ടുകളിൽ ഇരുപത്തെട്ടും വിളിച്ച്‌ തുറുപ്പുകമഴ്ത്തി പോരാടിയവർ, ആറാം പന്തും ഏഴാം പന്തും കൈകാണാതെ മനസ്സുകൊണ്ട്‌ കണ്ട്‌ ഉച്ചത്തിലുള്ള വഴക്കും മുഷിച്ചിലും പിണക്കവും വെള്ളയ്ക്കാ കുണുക്കും പ്ലാവിലതൊപ്പിയുമണിഞ്ഞ്‌ മൂത്തുമുഴുത്തു! കൗമാരക്കാർ ചീട്ടുകളിച്ച്‌ വഴളാവാതിരിക്കാൻ അമ്മമാർ ചൂലുംകെട്ടും കവളം മടലും ആയുധമാക്കി അടുക്കളകളിൽ നിന്ന് പാഞ്ഞെത്തി മക്കളെ നന്നാക്കി. ആ കൗമാരക്കാരൊക്കെ ഇന്ന് വാർദ്ധക്യം പൂകി; അവരൊക്കെ അന്നും ഇന്നും ജീവിതം സമൃദ്ധമാക്കി. ഇന്നും ജീവിതത്തെ ലഘുവായികാണുന്നവരായി. അവരെ അന്യരോഗമൊന്നും തീണ്ടിയുമില്ല.!
ഇടവഴിയിലിപ്പോഴും ഓർമ്മകളിലിരുന്ന് രായമ്മച്ചേയി ഓണംവരുത്തുന്നുണ്ട്‌. കുടമൂതുന്ന കുറത്തിയും, അശകൊശലെ പാടുന്ന പെണ്ണുനോട്ടക്കാരും, പൂത്തുമ്പകെട്ടിലുറഞ്ഞ ഷീലച്ചേയിയും, ഒന്നാംകൂമ്പുമുളംകൂംമ്പ്‌ പാടിയും ഓണതണുങ്ങുവലിനടത്തുന്നു!!! തുംമ്പിതുള്ളിഉറയുന്നു..! ഇടവഴിയിലെ കാശാവ്‌ ഇപ്പോഴും പൂക്കുന്നുണ്ട്‌. വെട്ടിയും കുരീലും ഇന്നും പഴംതന്നുകൈനീട്ടി നിൽക്കുന്നുണ്ട്‌. ഭഗവതിയുടെ മുറുക്കാൻ തുപ്പൽ ഇന്നും തെച്ചിയായി പൂക്കുന്നുണ്ട്‌. ആരുവെട്ടിനിരത്തിയാലും വികസിപ്പിച്ചാലും ഇന്നും എന്റെ ഇടവഴി അങ്ങനെ അവിടെതന്നെനിൽക്കുന്നു. എന്നിൽ എനിക്കുമാത്രം കാണാനായിമാത്രം.!
See less

No comments:

Post a Comment

അഭിപ്രായിക്കു