01 August 2026

ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്‌"

 പുത്തൻകാവിന്റെ അത്തമഹോത്സവമുറ്റത്ത്‌ ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്‌" എന്നു വിളിക്കുന്നത്‌ വെറുതെയല്ല...! അപ്പനപ്പൂപ്പന്മാരായി എത്രയോ കലാകാരന്മാർ വാസ്തുവിദ്യയുടേയും ശിൽപവിദ്യയുടേയും അഴകളവുകളെ ഉളിതുമ്പിൽ വിളയിച്ച പരമ്പര..!പുത്തൻകാവിലെ അമ്മ അവരുടെ ആദ്യ അമ്പലം മുതലിങ്ങോട്ട്‌ പുതിയകാലത്തെ ദാരുശിൽപകെട്ടുത്സവം വരെ പണിയാൻ അനുഗ്രഹിച്ച പരമ്പര...!


ശിൽപരത്നമടക്കമുള്ള ഗ്രന്ഥങ്ങൾ മന:പാഠമായിരുന്ന നാദബിന്ദുകലോപാസകർ വിളയിലെ പരമേശ്വരൻ & ദാമോദരൻ ആചാരിയായിരുന്നു മഹാവീര ഭീമനിൽ തുടങ്ങിയ കുരമ്പാലയുടെ ദാരുകലാമണ്ഡലത്തിനു ആരൂഡമിണക്കിയത്‌.
അതിനും മുന്നെ അപ്പനപ്പൂപ്പന്മാരായി 12 കോൽ 8 അംഗുലകണക്കിൽ പണിത ശ്രീകോവിലും ചുറ്റമ്പലവും മുഖമണ്ഡപവും പണിത തലമുറ വിളയിൽ പരമ്പരയിലുണ്ട്‌. എന്നുപറഞ്ഞാൽ കുരമ്പാല ഗ്രാമത്തിന്റെ പരമാണുപ്രകാരത്തിൽ വികസിച്ച കോലളവ്‌ ഈ പരമ്പരയിൽ ഭദ്രം.

ബലിക്കൽ പുരയുടെ മുഖപ്പിലെ സുന്ദരമായ വ്യാളീമുഖവും ചുറ്റുകൈവരിയും പണിഞ്ഞത്‌ വിളയിൽ ദാമോദരനപ്പൂപ്പനായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞറിവുണ്ട്‌.
മഹാവീരഭീമനും വലിയകാളയും ഹനുമാനും അർജ്ജുനനും കറങ്ങുന്ന അന്നവും, തേരും , നരസിംഹവും ഗണപതിയും ഒറ്റയിരട്ട കാളകളും അടക്കം എത്രയോ കെട്ടുകാഴ്‌ചകൾ വിളഞ്ഞത്‌ വിളയിൽനിന്ന്

വിളയിൽ പരമ്പരയിലെ പ്രമുഖരായ ശിൽപികൾ വാസുദേവൻ ആചാരിയും സഹോദരൻ ബാലകൃഷ്ണൻ ആചാരിയും പുത്തങ്കാവിന്റെ അത്തമഹോത്സവത്തിലെ അടിസ്ഥാന ഘടകം തന്നെ. ഏതാനും വർഷം മുൻപ്‌ വിസ്മയിപ്പിച്ചത്‌ അർജ്ജുനനയും നരസിംഹത്തെയും പണിഞ്ഞാണെങ്കിൽ ഈ വർഷം 21 അടി ഉയരത്തിൽ പന്തളത്തിന്റെ സ്വന്തം പുലിവാഹനൻ അയ്യപ്പനെ ദാരുവിൽസൃഷ്ടിച്ച്‌ വിസ്‌മയിപ്പിക്കുന്നു വിളയിൽ വാസുദേവൻ ആചാരി. ഭീമൻ ഹനുമാൻ ശ്രേണിയിൽ ഘടോത്കചനെ പണിത വിളയിൽ മാധവൻ ആചാരി ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. അയ്യപ്പ ശിൽപ നിർമ്മാണത്തിനിടയിൽ ഭീമാകാര ദാരുശിൽപമികവിനു കേരളസർക്കാർ നാടൻ കലാ അക്കാദമി അവാർഡും വാസുദേവനാചാരിയെ തേടിയെത്തി എന്നതും ദൈവിക അനുഗ്രഹം.

സ്വാമി അയ്യപൻ കെട്ടുത്സവ സമിതിയുടെ നേതൃത്വത്തിൽ അഷ്ടതാലക്രമത്തിൽ കുമ്പിളും ആഞ്ഞിലിയും പാലയും അകിലും ചേർത്തുപണിഞ്ഞ പുലിവാഹനനു 21 അടിയാണ്‌ ഉയരം. ശിൽപി വാസുദേവനാചാരിയുടെ 2.5 വർഷത്തെ ധ്യാനരൂപമാണു സക്ഷാത്കരിക്കപെട്ടത്‌. കുരമ്പാലയിലെ ആദ്യ ഔദ്യോഗിക രജിസ്റ്റ്രേഡ്‌ കെട്ടുത്സവ സമിതി എന്നഖ്യാതിയും അയ്യപ്പൻ സമിതിക്കുണ്ട്‌.

കാരാംഗുലീനഖോത്പന്നമായി നാരായണ ദശാകൃതി സൃഷ്ടിച്ചവൾ ഇശ്ചിക്കുന്നതേ നടക്കു..! എങ്കിലും ദശാവതാര ശിൽപങ്ങളും ഷഷ്ഠപാണ്ഡവ ശിൽപങ്ങളും നിറഞ്ഞ അത്തക്കാവ്‌ ഉറച്ചസങ്കൽപ്പമാണ്‌. ശിൽപങ്ങളിൽ ചിലത്‌ അരങ്ങിലും അണിയറയിലും ഉണ്ട്‌.പുത്തങ്കാവിന്റെ ഭൗമസൂചികാ അടയാളങ്ങളായി കീർത്തിയായി ഈ ശിൽപ്പങ്ങൾ മാറും. വാടക ഉരുപ്പടികൾ ഒഴിവാക്കി കരയ്ക്കുമാത്രം സ്വന്തമായ ഉരുപ്പടികളിലേയ്ക്ക്‌ മാറേണ്ടതുണ്ട്‌. ഒപ്പം ഭഗവതി എഴുന്നള്ളിവരുന്ന സമയം കാഴ്ചകൾ കാണാൻ എല്ലാ കെട്ടുരുപ്പടിയും സമയത്ത്‌ മൈതാനത്ത്‌ നിരക്കേണ്ടതൂണ്ട്‌. ഇല്ലെങ്കിൽ ഇതൊക്കെ വെറും വെറും ധൂർത്ത്‌ മാത്രമായി പോകും. 

No comments:

Post a Comment

അഭിപ്രായിക്കു